വെളളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ കൊല ചെയ്യപ്പെട്ട നിലയിലും മറ്റൊരാൾ വിഷം കഴിച്ചു മരിച്ച നിലയിലുമായിരുന്നു. കിഴക്കേ വെള്ളാനിക്കര തൈക്കാട്ടിൽ വീട്ടിൽ ആന്റണി (67), കിഴക്കേ വെള്ളാനിക്കര കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (66) എന്നിവരാണ് മരിച്ചത്. ആന്റണിയെ ചുറ്റിക കൊണ്ട് മുഖത്തടിച്ച് കൊലചെയ്ത ശേഷം അരവിന്ദാക്ഷൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സിസിടിവി പരിശോധിച്ചതിൽ നിന്നും വ്യക്തമായെന്ന് പൊലീസ് പറയുന്നു.
വെള്ളാനിക്കര ബാങ്കിന്റെ മോണിങ്, ഈവനിങ്, ഹോളിഡെ ബ്രാഞ്ചാണ് കാർഷിക സർവകലാശാല കാമ്പസിൽ പ്രവർത്തിക്കുന്നത്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചത്. ചൊവാഴ്ച രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് അടിച്ചുവാരാനെത്തിയ സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. തുടർന്നെത്തിയ കാഷ്യറും മാനേജരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആന്റണിയുടെ മൃതദേഹം ബാങ്ക് കെട്ടിടത്തിന്റെ വരാന്തയിൽ പായയിലും അരവിന്ദാക്ഷന്റെ മൃതദേഹം സമീപത്തുള്ള ചാലിലുമാണ് കിടന്നിരുന്നത്. മണ്ണുത്തി പൊലീസ്, ഫോറൻസിക് വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൃതുദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഓമനയാണ് ആന്റണിയുടെ ഭാര്യ. മക്കൾ: അരുൺ, ആനന്ദ്. മരുമക്കൾ: ജിതില, അനീന. പരേതയായ വിലാസിനിയാണ് അരവിന്ദാക്ഷന്റെ ഭാര്യ. മകൾ: പ്രശാന്തി. മരുമകൻ: വിനോദ്.
English Summary: Two security staff of Co-operative Bank found dead
You may also like this video