Site icon Janayugom Online

അതിജീവനപാഠങ്ങളുടെ രണ്ട് വര്‍ഷം: പുതിയ പ്രതീക്ഷയുമായി പ്രതിരോധം

സംസ്ഥാനത്തിന് ഇന്ന് അതിജീവനപാഠങ്ങളുടെ രണ്ട് വര്‍ഷം. കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷം തികയുന്നു. സംസ്ഥാനം ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തെ നേരിടുകയാണ്. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണും വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.

2020 ജനുവരി 30 നാണ് ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിക്ക് സംസ്ഥാനത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യത്തെ കൊറോണ കേസും ഇതായിരുന്നു.

കോവിഡ് നേരിടാൻ ഒന്നും രണ്ടും തരംഗങ്ങളിൽ വ്യാപകമായ അടച്ചു പൂട്ടലുകൾ നടത്തി മുൻ കരുതലുകൾ സ്വീകരിച്ചിരുന്നു. മൂന്നാം തരംഗത്തിൽ പൂർണമായ അടച്ചിടലിലേക്ക് നീങ്ങാതെയും പ്രതിരോധ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തിയുമാണ് കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയത്.

രണ്ടാം തരംഗത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ മൂന്നാം തരംഗത്തിൽ മരണ സംഖ്യ കുറഞ്ഞത് ആശ്വാസം നൽകുന്നു. മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു.

ആശുപത്രികളെ സജ്ജമാക്കുകയും ഓക്സിജന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്സിജൻ കരുതൽ ശേഖരവുമുണ്ട്. പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണ്.

ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ വിളിച്ച് കൂട്ടി കോവിഡ് പ്രതിരോധം ശക്തമാക്കി. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറൽ ആശുപത്രികളിലുള്ള ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തി വരുന്നു. ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ കിടക്കകളും ഐസിയുകളും വെന്റിലേറ്റർ സൗകര്യങ്ങളും പരമാവധി ഉയർത്തി. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളും ശക്തിപ്പെടുത്തി.

സംസ്ഥാനത്ത് പ്രായപൂർത്തിയായവരുടെ ആദ്യഡോസ് വാക്സിനേഷൻ 100 ശതമാനമാണ്. രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവും പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തിൽ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ അടച്ചുപൂട്ടലിന് പ്രസക്തിയില്ലെന്നും കേരളം ഒറ്റക്കെട്ടായി ഈ തരംഗത്തേയും അതിജീവിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

Eng­lish Sum­ma­ry: Two years of sur­vival lessons: resis­tance with new hope

You may like this video also

Exit mobile version