Site iconSite icon Janayugom Online

ഗോവയിൽ രണ്ട് റഷ്യൻ യുവതികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തായ യുവാവ് പിടിയിൽ

ഗോവയിൽ രണ്ട് റഷ്യൻ യുവതികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യൻ സ്വദേശികളായ എലീന വനീവ, എലീന കസ്തനോവ എന്നിവരെയാണ് താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും റഷ്യൻ സ്വദേശിയുമായ അലെക്സി ലിയോനോവിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പണമിടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

ജനുവരി 14, 15 തീയതികളിലായാണ് രണ്ട് കൊലപാതകങ്ങളും നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഫയർ ഡാൻസറായ കസ്തനോവ പ്രതിയിൽ നിന്നും കടം വാങ്ങിയ പണവും നൃത്തത്തിന് ഉപയോഗിക്കുന്ന ‘കിരീടവും’ തിരികെ നൽകാത്തതാണ് കൊലപാതകത്തിന് പ്രകോപനമായത്. ബബിൾ ആർട്ടിസ്റ്റായ വനീവയും പ്രതിയിൽ നിന്ന് പണം കടം വാങ്ങിയത്. ഇതേച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ പ്രകോപിതനായ അലെക്സി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. 

അറസ്റ്റിലായ അലെക്സിയുടെ ഫോൺ പരിശോധിച്ചപ്പോൾ നൂറിലധികം സ്ത്രീകളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും ലഹരിമരുന്നിന് അടിമയാണെന്നും പൊലീസ് പറയുന്നു. താൻ മറ്റ് അഞ്ചുപേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് അവകാശപ്പെട്ടെങ്കിലും അവർ ജീവനോടെയുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇന്ത്യയിൽ ദീർഘകാല വിസയുള്ള ഇയാൾ മുൻപും ഗോവയിൽ പലരുമായും സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ജനുവരി 12ന് ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അസം സ്വദേശിനി മൃദുസ്മിത സൈങ്കിയയുടെ മരണത്തിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃദുസ്മിതയുടെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസം ഇവർ അലെക്സിക്കൊപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Exit mobile version