Site iconSite icon Janayugom Online

കൽമേഗി ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 114 മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൽമേഗി ചുഴലിക്കാറ്റിലുണ്ടായ വ്യാപക നാശനഷ്‌ടത്തെ തുടർന്ന് ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് ഫെർഡിനാസ് മാർക്കോസ് ജൂനിയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രഖ്യാപനം. രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കൽമേഗി. 114 പേർ മരിക്കുകയും 127 പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായത് സെബു പ്രവിശ്യയിലാണ്. പെട്ടെന്ന് ഉണ്ടായ മഴയിൽ നദിയും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകിയതോടെ സെബു പ്രദേശം വെള്ളത്തിൽ മുങ്ങി. സെബുവിൽ മാത്രം ഇതുവരെ 71 പേർ മരിച്ചു. 65 പേരെ കാണാതാവുകയും 69 പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് ഓഫിസ് അറിയിച്ചു. അതേസമയം സെബുവിനടുത്തുള്ള നീഗ്രോസ് ഓക്‌സിഡന്റല്‍, നീഗ്രോസ് ഓറിയന്റല്‍എന്നീ പ്രവിശ്യകളിൽ നിന്ന് 62 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെബു. വടക്കൻ സെബുവിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 79 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാാർപ്പിക്കുകയും ചെയ്‌തതിന് ഒരു മാസത്തിന് ശേഷമാണ് കൽമേഗി ദുരന്തമുണ്ടാവുന്നത്.

കണക്കുകൾ പ്രകാരം ചുഴലിക്കാറ്റ് ഏകദേശം രണ്ട് ദശലക്ഷം ആളുകളെ ബാധിച്ചു. നിരവധി പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. അനിയന്ത്രിതമായി നടന്ന ക്വാറി പ്രവർത്തനം മൂലം സമീപത്തെ നദികൾ അടഞ്ഞുപോയതും നിലവാരമില്ലാത്ത വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളും സെബുവിലെ സ്ഥിതി വഷളാക്കിയിരിക്കുകയാണെന്ന് ഗവർണർ പമേല ബാരിക്വാട്രോ പറഞ്ഞു. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെല്ലാം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ദുരിതാശ്വാസ മേഖലകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനിടെ ഫിലിപ്പിൻ വ്യോമസേനയുടെ ഹെലികോപ്‌റ്റർ തകർന്നുവീണ് ആറ് സൈനികരും മരിച്ചു. 

Exit mobile version