Site icon Janayugom Online

മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ നേതാവുമായ യു വിക്രമൻ അന്തരിച്ചു 

മുതിർന്ന മാധ്യമപ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സിപിഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ജനയുഗം കോർഡിനേറ്റിങ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു.  മുന്‍ മന്ത്രി എം വി രാഘവന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സിപിഐ എംഎന്‍ സ്മാരകം ബ്രാഞ്ച് സെക്രട്ടറി,  എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ , പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ,  കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ മുൻ വൈസ് പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു.

തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹോണററി മെമ്പർ ആയിരുന്നു. കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ സഖാവ് സി ഉണ്ണിരാജയുടെയും, മഹിളാ നേതാവ് ആയിരുന്ന സഖാവ് രാധമ്മ തങ്കച്ചിയുടെയും മകൻ. സഖാവ് സീതാ വിക്രമൻ ആണ് ഭാര്യ. സന്ദീപ് വിക്രമൻ മകൻ. തിരുവനന്തപുരം വലിയവിള മൈത്രി നഗറിൽ ആണ് വസതി.

രാവിലെ 10 മണിക്ക് വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം 2 മണിയോടെ ഭൗതികദേഹം പിഎസ് സ്മാരകത്ത് എത്തിക്കും. ഇവിടെ നിന്ന് 4 മണിയോടെ ഭൗതികദേഹം തിരുവനന്തപുരം പ്രസ് ക്ലബിലെത്തിക്കും. 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

 

Exit mobile version