യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 2,937 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരാകുന്ന തടവുകാർക്ക് ചുമത്തിയ സാമ്പത്തിക പിഴകളും അദ്ദേഹം വഹിക്കും. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാൻ അവസരം നൽകാനും കുടുംബങ്ങളുടെ ഭാരം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ ഉദ്യമം.
ദുബൈയിൽ 2,025 പേരെ മോചിപ്പിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. കൂടാതെ ഷാർജ (366), അജ്മാൻ (225), ഫുജൈറ (129), റാസൽഖൈമ (411) എന്നിവിടങ്ങളിൽ നിന്നും തടവുകാരെ വിട്ടയക്കാൻ അതത് എമിറേറ്റ് ഭരണാധികാരികളും ഉത്തരവിട്ടു. ഇതോടെ യുഎഇയിൽ ആകെ 6,093 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തടവുകാലത്ത് നല്ല നടപ്പിന് വിധേയരായ വിവിധ രാജ്യക്കാരെയാണ് മോചനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

