Site icon Janayugom Online

യുഎഇ പ്രസിഡന്റ് അന്തരിച്ചു

Abu dhabi

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയും യുഎഇ സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 74 വയസായിരുന്നു. അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. പിതാവ് ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 2004 ൽ മരണമടഞ്ഞ ശേഷമാണ് യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ഭരണത്തിലേറുന്നത്. യുഎഇയുടെ വളർച്ചയ്ക്ക് നടുനായകത്വം വഹിച്ച ഭരണാധികാരി എന്ന ഖ്യാതിയോടെയാണ് ഷെയ്ഖ് ഖലീഫയുടെ വിട വാങ്ങൽ.

യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റ്‌സിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും അദ്ദേഹം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ദുബായിയെ ലോകത്തെ പ്രമുഖ വ്യാപാര‑ടൂറിസം കേന്ദ്രമാക്കുന്നതിലും അബുദാബിയെ എണ്ണവ്യാപാര കേന്ദ്രമാക്കി ഉയര്‍ത്തുന്നതിലും ഇദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം മുതല്‍ക്കൂട്ടായി. ആരോ​ഗ്യപരമായ കാരണങ്ങളാൽ ഏറെ നാളായി പൊതു വേദികളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നുദിവസത്തേക്കുള്ള സര്‍ക്കാര്‍-സ്വകാര്യ പൊതുപരിപാടികളെല്ലാം രാജ്യത്ത് പൂര്‍ണമായി റദ്ദാക്കി. ഷെയ്ഖ് ഖലീഫയുടെ അര്‍ധസഹോദരനായ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് ആയിരിക്കും അടുത്ത യുഎഇ ഭരണാധികാരി. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: UAE Pres­i­dent pass­es away

You may like this video also

Exit mobile version