Site iconSite icon Janayugom Online

ഉദയ്പുരില്‍ സമൂര്‍ത്ത പദ്ധതികളില്ല: വാചക ശിബിരം, ജി23 നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ല

ShibirShibir

രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള പോംവഴികളോ ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരായ സമൂര്‍ത്തമായ പ്രവര്‍ത്തന പദ്ധതികളോ ഇല്ലാതെ കോണ്‍ഗ്രസിന്റെ നവ സങ്കല്പ ചിന്തന്‍ ശിബിരം സമാപിച്ചു. ഫലത്തില്‍ സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസിനെ കുറിച്ചുണ്ടായിരുന്ന ഞായറാഴ്ച കോണ്‍ഗ്രസ് എന്നതിന് പകരം പ്രമേയ‑പ്രസംഗ ശിബിരം മാത്രമായി ഉദയ്‌പുരില്‍ മൂന്നുദിവസം നടന്ന സമ്മേളനം. പേരിലല്ലാതെ ഉള്ളടക്കത്തില്‍ നവ സങ്കല്പങ്ങളൊന്നും കോണ്‍ഗ്രസിനില്ലായെന്നും സമ്മേളനം വ്യക്തമാക്കുന്നു.

ബിജെപിയെ പരാജയപ്പെടുത്തുന്നതിന് കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വഹിക്കുവാനുള്ള പങ്ക്, പ്രാദേശിക രാഷ്ട്രീയ സംഘടനകളുടെയും മതേതര പ്രസ്ഥാനങ്ങളുടെയും യോജിച്ച വേദി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍, പ്രാദേശിക കൂട്ടുകെട്ടുകള്‍ എന്നിവയൊന്നും കാര്യമായ ചര്‍ച്ചകള്‍ക്ക് വിധേയമായില്ല.
രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ ചേരിതിരിവിനെതിരെ രൂക്ഷമായ വിമര്‍ശനമോ തീരുമാനമോ ശിബിരം ഉയര്‍ത്തിയില്ല. എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസം നിലനിര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് എന്ന തൊട്ടുംതൊടാതെയുമുള്ള പ്രമേയമാണുണ്ടായത്. മൃദുഹിന്ദുത്വ സമീപനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ യോഗത്തിലുയര്‍ന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അധ്യക്ഷ സോണിയ അതിന് യോഗങ്ങളും നാമനിര്‍ദേശക സമിതികളും ജാഥകളും തന്നെയാണ് പ്രതിവിധിയായി നിര്‍ദേശിച്ചത്. സ്വതന്ത്രമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉണ്ടായത് ജനാധിപത്യ പാര്‍ട്ടിയുടെ ഔന്നത്യമാണ് എടുത്തുകാട്ടുന്നതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലും രാജ്യത്തിന്റെ ഭാവി രാഷ്ട്രീയത്തെ കുറിച്ചായിരുന്നില്ല ഊന്നല്‍ നല്കിയത്. അദ്ദേഹവും സ്വപ്നലോകത്തെന്നതുപോലെയാണ് സംസാരിച്ചത്. മുതിര്‍ന്ന നേതാക്കളടങ്ങിയ ജി23 ഉന്നയിച്ച വിമര്‍ശനങ്ങളോ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോ ഗൗരവത്തോടെ ശിബിരം പരിഗണിച്ചില്ലെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകളിലുള്ളത്. എന്നാല്‍ പ്രധാന ആവശ്യങ്ങളിലൊന്നായ പാർലമെന്ററി ബോർഡിന്റെ പുനഃസ്ഥാപനം സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്‌ത സമിതി അംഗീകരിച്ചു.
2024ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എന്ത് രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ ശിബിരത്തിലുണ്ടായില്ല. പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഭാവിപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുമായി സമഗ്ര കര്‍മ സമിതി രൂപീകരിക്കുമെന്ന തീരുമാനമാണ് ഇതുസംബന്ധിച്ചുണ്ടായത്.

തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഉദയ്‌പുര്‍ പ്രഖ്യാപനമെന്ന പേരില്‍ തയാറാക്കിയ പ്രമേയം അവതരിപ്പിച്ച അജയ് മാക്കന്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങി രാജ്യമാകെ സഞ്ചരിക്കുന്ന ഭാരത് ജോഡോ (രാജ്യത്തെ ഒന്നിപ്പിക്കുക) യാത്ര, ജൂണ്‍ 15 മുതല്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തകര്‍ക്കുള്ള ബോധവല്ക്കരണ പരിപാടി എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളിലൊതുങ്ങി ശിബിരത്തിന്റെ തീരുമാനങ്ങള്‍.

Eng­lish Sum­ma­ry: Udaipur has no con­crete plans: a text camp

You may like this video also

Exit mobile version