തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസില്‍ ഉദയകുമാറിന്റെ കുടുംബം ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകും. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക. ആദ്യം മുതല്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി നല്‍കാന്‍ കുടുംബത്തിനൊപ്പമുണ്ടായിരുന്ന സിപിഐ നേതാവും തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയറുമായ പി കെ രാജുവിന്റെ നേതൃത്വത്തിലാണ് അപ്പീല്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് വിവരം.
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ അഞ്ച് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണത്തില്‍ സിബിഐയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഒന്നും രണ്ടും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. 2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാര്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണം ആരോപിച്ചായിരുന്നു ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

