Site iconSite icon Janayugom Online

വേറിട്ട കൃഷിയിലൂടെ ശ്രദ്ധേയനായഉദയകുമാർ പാലത്തിൽ കപ്പലണ്ടി വിളയിക്കാനുള്ള പരിശ്രമത്തിൽ

വേറിട്ട കൃഷിയിലൂടെ ശ്രദ്ധേയനായ ഉദയകുമാർ പാലത്തിൽ കപ്പലണ്ടി വിളയിക്കാനുള്ള പരിശ്രമത്തിലാണ്. കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പരിതപിക്കുന്നവർക്ക് ഉദയന്റെ വേറിട്ട കൃഷികൾ മാതൃകയാണ്. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനാണ് പുളിക്കീഴ് പുത്തൻവീട്ടിൽ ഉദയകുമാർ(53).

കഴിഞ്ഞ ഓണക്കാലത്ത് പൂപ്പാലമൊരുക്കിയാണ് ഉദയൻ ശ്രദ്ധ നേടിയത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബന്ദിപ്പൂക്കൾ പാലം നിറഞ്ഞു നിന്നത് കണ്ണിന് കുളിർമ പകർന്ന കാഴ്ചയായിരുന്നു. മത്സ്യകൃഷിയുടെ ആവശ്യത്തിന് 40 മീറ്റർ നീളത്തിലും രണ്ടടി വീതിയിലും തോട്ടിൽ നിർമിച്ച പാലത്തിലാണ് ഉദയകുമാർ വേറിട്ട കൃഷികൾ പരീക്ഷിക്കുന്നത്. ഇക്കുറി പാലത്തിൽ നിന്നും കപ്പലണ്ടി വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദയകുമാർ. 150 ഗ്രോബാഗിലാണ് കൃഷി. കടയിൽ നിന്നും തോടോടുകൂടിയ കപ്പലണ്ടി വാങ്ങി ഒരു ബാഗിൽ രണ്ട് കുരുവാണ് നട്ടത്. ഒന്നര മാസം പിന്നിട്ടു. നാല് മാസമാണ് വിളവെടുപ്പിന് വേണ്ടത്. നൂറുമേനി തന്നെ വിളവുണ്ടാകുമെന്നാണ് ഉദയന്റെ പ്രതീക്ഷ. ഉദയകുമാറിന്റെ വേറിട്ട കൃഷി രീതികൾ കൃഷി ചെയ്യാൻ ഭൂമിയില്ല എന്ന കാരണം പറഞ്ഞ് ഒഴിയുന്നവർക്ക് പ്രചോദനമാണ്. പൂർണ്ണ വിപണി ലക്ഷ്യം വെച്ചുള്ള ഉദയന്റെ പച്ചക്കറി കൃഷിയും പുരോഗമിക്കുകയാണ്. കൃഷിഭവന്റെ ഓണചന്തകളിൽ പാവൽ പടവലം സലാഡ് കുക്കുമ്പർ, ഇടവിളകൾ തുടങ്ങി നിരവധി ഇനങ്ങൾ ഉദയന്റെ തോട്ടത്തിൽ നിന്നും സ്ഥിരമായി വിവിധ ചന്തകളിൽ എത്താറുണ്ട്. ഉദയകുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കാർത്തികപ്പള്ളി കൃഷിഭവന്റെ ഇക്കോ ഷോപ്പാണ് പ്രധാന വിപണന കേന്ദ്രം. പാലത്തിലെ നാലാമത്തെ പരീക്ഷണമാണിത്. ചീര വിളയിച്ചാണ് പാലത്തിൽ കൃഷിക്ക് തുടക്കമിട്ടത്. പിന്നീട് പയറും കക്കുമ്പറും വിളയിച്ചു. 480 കിലോ കുക്കുമ്പറും 250 കിലോ പയറും ആണ് പാലത്തിൽനിന്നും ഉദയകുമാർ വിളവെടുത്തത്. വെള്ളത്തിൽ പച്ചക്കറി വിളയിച്ചാണ് ഉദയകുമാർ ശ്രദ്ധേനേടിയത്. കരയിൽ ചെടി നട്ട് വെള്ളത്തിന് മുകളിൽ പന്തൽ കെട്ടിയാണ് പാവൽ പടവലം എന്നീ കൃഷികൾ ചെയ്യുന്നത്. ഭാര്യ രതിയും മകൾ ഗൗരി കൃഷ്ണയും എല്ലാ പിന്തുണയുമായും ഒപ്പമുണ്ട്.

Exit mobile version