Site iconSite icon Janayugom Online

ഉദയനാപുരം വില്ലേജ് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: റെവന്യൂ മന്ത്രിക്ക് നിവേദനം നൽകി

ഉദയനാപുരം വില്ലേജ് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് ജില്ലാ പഞ്ചായത്ത് അംഗം പി എസ് പുഷ്പമണി റവന്യു മന്ത്രി കെ രാജന്  നിവേദനം നൽകി. ഉദയനാപുരം പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. വളരെ ഇടുങ്ങിയ മുറിയും ഭിത്തിയിൽ നിന്നും വേർപെട്ട് നിൽക്കുന്ന കട്ടിളയും അടർന്ന് വീഴാറായ കോൺക്രീറ്റ് മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ തറയുമായി തീർത്തും അപകടകരമായ സ്ഥിതിയിലാണ് ഇപ്പോൾ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം. 2018 ലെ വെള്ളപ്പൊക്കത്തിൽ ഓഫീസിൽ വെള്ളം കയറി പ്രധാനപ്പെട്ട പല രേഖകളും കമ്പ്യൂട്ടറും ഫർണിച്ചറും അടക്കം നിരവധി സാധനങ്ങൾ നശിച്ചു പോവുകയുണ്ടായി. റോഡിൽ നിന്നും താഴ്ന്നു നിൽക്കുന്ന കെട്ടിടമായതിനാൽ ഒറ്റ മഴക്ക് തന്നെ ഓഫീസിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. വിവിധ ആവശ്യങ്ങൾക്ക് ഇവിടെയെത്തുന്ന പൊതു ജനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ ഓഫീസിലില്ല  എന്നത് ഏറെ പരിതാപകരമാണ്. ഇവിടുത്തെ ജീവനക്കാരും ഈ അപകടകരമായ സാഹചര്യത്തെ നേരിട്ട് കൊണ്ടാണ് ജോലി ചെയ്യുന്നത്. ഉദയനാപുരം വില്ലേജിന്റെ നിലവിലെ ശോചനീയ അവസ്ഥ പരിഹരിച്ച് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകിയതായി ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ അംഗം പി.എസ്. പുഷ്പമണി അറിയിച്ചു.

Exit mobile version