Site iconSite icon Janayugom Online

ഉദ്ധവ് സര്‍ക്കാര്‍ വീണു; രാജി പ്രഖ്യാപനം ഫേസ്ബുക്ക് ലെെവില്‍

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ രാജിവച്ചു. നിയമസഭയിൽ വിശ്വാസവോട്ട് തേടാനിരിക്കേ രാത്രിവൈകി മുഖ്യമന്ത്രി നാടകീയമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന ഗവർണർ ബി എസ് കോഷിയാരിയുടെ നിർദേശത്തിനെതിരെ ഉദ്ധവ് പക്ഷം നല്കിയ ഹർജി ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന് കോടതി രാത്രി ഒമ്പതിനാണ് വിധിച്ചത്. അരമണിക്കൂറിന് ശേഷം ഫേസ്‍ബുക്ക് ലെെവിലാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി പറഞ്ഞ ഉദ്ധവ് രാജിവയ്ക്കുന്നതില്‍ വിഷമമില്ലെന്നും വ്യക്തമാക്കി.

ഇന്ന് രാവിലെ 11ന് നിയമസഭ ചേരണമെന്നും വെെകിട്ട് അഞ്ചിന് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. കോടതിവിധി എതിരായാൽ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ വെെകിട്ട് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു. ‘രണ്ടര വർഷത്തെ ഭരണത്തിനിടയിൽ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. കോൺഗ്രസും എൻസിപിയും നന്നായി സഹകരിച്ചു. കൂടെയുള്ള ചിലർ പിന്നിൽ നിന്ന് കുത്തി’- എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

ശിവസേന മന്ത്രിയായ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം ഗുജറാത്തിലേക്ക് കടന്നതോടെയാണ് രാഷ്ട്രീയം കലങ്ങി മറിഞ്ഞത്. 288 അംഗ നിയമസഭയില്‍ നിലവില്‍ 287 പേരാണുള്ളത്. ഒരു എംഎല്‍എ മരിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയിരുന്നെങ്കില്‍ ഭൂരിപക്ഷം നേടാന്‍ 144 വോട്ടുകളാണ് ആവശ്യം. ശിവസേന നയിക്കുന്ന എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങിയ മഹാവികാസ് അഘാഡി സഖ്യത്തിന് 152 എംഎല്‍എമാരാണ് സഭയിലുള്ളത്. 

ശിവസേനയുടെ 56 ല്‍ 21 എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഗുജറാത്തില്‍ ഒളിവില്‍ പോയപ്പോള്‍ എംഎല്‍എമാരുടെ എണ്ണം 34 ആയി. ഇതോടെ ഭരണകക്ഷിയിലെ എംഎല്‍എമാരുടെ എണ്ണം 130 ആയി. പിന്നീട് ഗുവാഹട്ടിയിലേക്ക് മാറിയ വിമതര്‍ തങ്ങളോടൊപ്പം 50 പേരുണ്ടെന്ന് അവകാശപ്പെട്ടു. അതിനിടെ ഷിൻഡെയെയും 15 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് മഹാ വികാസ് അഘാഡി സഖ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചു. ജൂലൈ 12 വരെ സുപ്രീം കോടതി വിമതര്‍ക്ക് സമയം അനുവദിക്കുകയും ചെയ്തു.
മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വിയാണ് ശിവസേനയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളും ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പർഡിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ആണ് ഹർജിയിൽ വാദം കേട്ടത്. 

Eng­lish Summary:Uddhav gov­ern­ment fall; Announce­ment of res­ig­na­tion in Face­book live
You may also like this video

Exit mobile version