Site iconSite icon Janayugom Online

മടങ്ങിയെത്തണമെന്ന് വിമതരോട് ഉദ്ദവ് താക്കറെ

അസമിലെ ഗുവാഹത്തിയിൽ തുടരുന്ന വിമത എംഎൽഎമാരോട്‌ മടങ്ങിയെത്താൻ വികാരനിർഭരമായ അഭ്യർഥന നടത്തി മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ. നിങ്ങളെല്ലാവരും ഇപ്പോഴും ശിവസേനക്കാരാണെന്നും എല്ലാ പ്രശ്‌നങ്ങളും സംസാരിച്ച്‌ പരിഹരിക്കാമെന്നും താക്കറെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മുംബൈയിലേക്ക്‌ മടങ്ങുമെന്ന്‌ വിമത സംഘത്തെ നയിക്കുന്ന ഏക്‌നാഥ്‌ ഷിൻഡെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ ആഹ്വാനം.

പൊതുജനത്തിന്റെയും ശിവസേനാ പ്രവർത്തകരുടെയും മനസ്സിലുള്ള സംശയങ്ങൾ തീർക്കൂ. ഒന്നിച്ചിരുന്ന്‌ ചർച്ച ചെയ്‌ത്‌ പരിഹാരം കണ്ടെത്താം. ശിവസേനയിൽ നിങ്ങൾക്ക്‌ കിട്ടുന്ന അംഗീകാരം മറ്റെവിടെയും കിട്ടില്ല. താക്കറെ പറഞ്ഞു.അമ്പത്‌ എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന്‌ അവകാശപ്പെടുന്ന ഏക്‌നാഥ്‌ ഷിൻഡെയും സംഘവും ബുധനാഴ്ച എത്തിയേക്കും. ​20 എംഎൽഎമാർ ഉദ്ധവ്‌ താക്കറെയുമായി ബന്ധപ്പെടുന്നുണ്ടെന്നത്‌ അടിസ്ഥാനരഹിതമെന്ന്- ഷിൻഡെ പറഞ്ഞു.അതേസമയം ഗവർണർ വിശ്വാസവോട്ട് തേടാൻ ആവശ്യപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് ക്യാമ്പ് പറഞ്ഞു. ഡെപ്യൂട്ടി സ്‌പീക്കർ അയച്ച അയോഗ്യതാ നോട്ടീസിന്‌ മറുപടി നൽകാൻ സുപ്രീംകോടതി വിമതർക്ക്‌ ജൂലൈ 12 വരെ സമയം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ശിവസേന വിമതരെ വലയിലാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ബിജെപി. മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ ചൊവ്വ രാത്രി ഗവർണൻ ഭഗത് സിങ് കോശിയാരിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ഒപ്പമുണ്ടായി. ഡൽഹിയിലെത്തി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി ചർച്ച നടത്തിയ ശേഷമാണ് ഫഡ്നാവിസിന്റെ പാതിരാനീക്കം. അസമിലെ ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്യുന്ന ശിവസേനാ വിമത സംഘത്തെ നയിക്കുന്ന ഏക്‌നാഥ്‌ ഷിൻഡെ മുംബൈയിലേക്ക്‌ മടങ്ങുമെന്ന്‌ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ തിരക്കിട്ട നടപടി. 

Eng­lish Sum­ma­ry: Uddhav Thack­er­ay urges pro­test­ers to return

You may also like this video:

Exit mobile version