Site iconSite icon Janayugom Online

തിരുവനന്തപുരത്തെ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കോടികളുടെ ആസ്തി

ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളുടെ കോടികളുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. നാമനിർദേശ പത്രികയോടനുബന്ധിച്ച്‌ സ്ഥാനാര്‍ത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരമുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരാണ് സ്വത്തിന്റെ കാര്യത്തിൽ ഒന്നാമൻ. ശശി തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളുണ്ട്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണവും 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകളും തരൂരിനുണ്ട്. 6.75 കോടി രൂപയുടേതാണ് ഭൂസ്വത്തുക്കൾ. ഇതിൽ പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയും വഴുതക്കാട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും ഉൾപ്പെടുന്നു. കട ബാധ്യതകളില്ല. കൈവശമുള്ളത് 36,000 രൂപ മാത്രമാണ്. 

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് 28.9 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. ഭാര്യക്ക് 12.47 കോടിയുടെ ആസ്തിയുണ്ട്. 52,761 രൂപ കൈവശവും എട്ട് ബാങ്കുകളിലായി 10.38 കോടി സ്ഥിര നിക്ഷേപവുമാണുള്ളത്. സ്വർണ നിക്ഷേപം 3.25 കോടി സ്വന്തം പേരിലും 3.59 കോടി ഭാര്യയുടെ പേരിലും. 1942 മോഡൽ റെഡ് ഇന്ത്യൻ സ്‌കൗട്ട് ബൈക്കാണ് കൈവശമുള്ള ഏക വാഹനമായി സൂചിപ്പിച്ചിട്ടുള്ളത്. ബംഗളൂരുവിലെ കോറമംഗലയിൽ 14.40 കോടി രൂപയുടെ ഭൂമിയും സ്വന്തം പേരിലായുണ്ട്. 19.41 കോടി രൂപയുടെയും ഭാര്യയുടെ പേരിൽ 1.63 കോടി രൂപയുടെയും ബാധ്യതയാണുള്ളത്. ആറ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപവും മൂന്ന് സ്ഥാപനങ്ങളിൽ പങ്കാളിത്ത നിക്ഷേപവുമുണ്ട്. ഭാര്യയുടെ പേരിൽ 15 സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപമുണ്ട്.

Eng­lish Sum­ma­ry: UDF and BJP can­di­dates in Thiru­vanan­tha­pu­ram have assets worth crores
You may also like this video

Exit mobile version