മുഖാമുഖം കണ്ടപ്പോഴും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളും. നിലമ്പൂര്‍ മണ്ഡല പര്യടനത്തിനിടെ എടമുണ്ടയില്‍ സത്യന്‍ മൊകേരിയുടെ പ്രസംഗം അവസാനിക്കുന്ന വേളയിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അതുവഴി എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കണ്ട് പുറത്തിറങ്ങിയ ഇരുവരും ഹസ്തദാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘തികഞ്ഞ ആത്മവിശ്വാസത്തില്‍ത്തന്നെ’ എന്നായിരുന്നു സത്യന്‍ മൊകേരിയുടെ മറുപടി. ‘ഞാന്‍ ഗൗരവമേറിയ രാഷ്ട്രീയ ചോദ്യങ്ങള്‍ നിരന്തരം നിങ്ങളോട് ഉന്നയിക്കുന്നുണ്ട്, പക്ഷെ മറുപടി നല്‍കുന്നില്ല,’ സത്യന്‍ മൊകേരി ചൂണ്ടിക്കാട്ടി. എന്നാല്‍ മറുപടിയൊന്നും പറയാതെ ചിരിച്ചുകൊണ്ട് പ്രിയങ്ക ഇറങ്ങുകയായിരുന്നു. കെ സി വോണുഗോപാലിനോടും സത്യന്‍ മൊകേരി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ‘രാഷ്ട്രീയ പോരാട്ടം വേണ്ടിയിരുന്നത് ഹിന്ദി ബെല്‍റ്റിലല്ലേ. ഇടതുപക്ഷവുമായുള്ള കേരളത്തിലെ മത്സരത്തിലൂടെ എന്തു സന്ദേശമാണ് നിങ്ങള്‍ രാജ്യത്തിന് നല്‍കുന്നത്. ബിജെപിക്കെതിരെ പോരാട്ടം തീവ്രമാക്കേണ്ട രാഷ്ട്രീയ സാഹചര്യത്തില്‍ എന്തിനാണ് പ്രയിങ്കയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്…?’ മറുപടി നല്‍കാതെ വേണുഗോപാലും മടങ്ങി.