Site icon Janayugom Online

തിരുവഞ്ചൂരിനെ തള്ളി, ചെന്നിത്തലയ്ക്ക് സംരക്ഷണം ; ഉമ്മൻചാണ്ടിയും കളത്തിലേക്ക്

കോട്ടയം: തിരുവഞ്ചൂരിനെ തള്ളി ചെന്നിത്തലയെ സംരക്ഷിച്ച് ഉമ്മൻചാണ്ടി. ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ വാക്കുകൾ. രമേശ് ചെന്നിത്തല നിലപാട് തുറന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ പ്രതികരണം കൂടി എത്തിയതോടെ അങ്കം മുറുകുന്നുവെന്ന സൂചനകളാണ് നൽകുന്നത്.

ദീർഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ് രമേശ് ചെന്നിത്തല. തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലക്ക് ഇല്ല. ചെന്നിത്തല ആ വേദിയിൽ അങ്ങനെ പറയാൻ പാടുണ്ടോ എന്ന് പ്രതികരിക്കുന്നില്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാണ് ഉള്ളതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ പിന്നിൽ ഒളിക്കരുതെന്നും തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലക്ക് പിന്തുണയുമായി ഉമ്മൻചാണ്ടി രംഗത്തെത്തിയത്.


ഇതുംകൂടി വായിക്കൂ:ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മുന്നറിയിപ്പ്


ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നെന്നായിരുന്നു ഉമ്മൻ ചാണ്ടി നേരത്തേ പറഞ്ഞിരുന്നത്. ഇന്നലെ രാവിലെ മാധ്യമപ്രവർത്തകർക്ക് മുമ്പിൽ കാര്യമായി ഒന്നും പറയാതിരുന്ന ഉമ്മൻചാണ്ടി തിരുവ‍ഞ്ചൂരിന്റെ വാക്കുകളോട് പിന്നീട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ചെന്നിത്തല നടത്തിയ പരാമർശങ്ങളോട് രൂക്ഷമായ ഭാഷയിലായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. പറഞ്ഞതിൽ ചെന്നിത്തലയ്ക്കു പശ്ചാത്തപിക്കേണ്ടി വരുമെന്ന് കോട്ടയത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്നടിച്ചു. എല്ലാ പാർട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്. താന്‍ ആ പരിധിക്ക് അപ്പുറത്തേക്ക് പോകുന്നില്ല. പ്രവർത്തകരുടെ മനസ്സിൽ മുറിവേൽപ്പിക്കുന്ന നടപടി നേതാക്കളുടെ ഭാഗത്ത് ഉണ്ടാകാൻ പാടില്ലെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉമ്മൻചാണ്ടി അറിഞ്ഞാണ് ഇന്നലെ ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ല. പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത് എന്നും തിരുവഞ്ചൂർ ചോദിക്കുന്നു. അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയുക അല്ല വേണ്ടത് എന്നും അവിടെ കൂടിയ മുഴുവനാളുകളുടെയും അഭിപ്രായം അതായിരുന്നു എന്നും തിരുവഞ്ചൂർ പറയുന്നു. ഉമ്മൻചാണ്ടി ദുരുദ്ദേശത്തോടെ നിലപാടെടുക്കും എന്ന വിശ്വാസം തനിക്കില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

Exit mobile version