Site iconSite icon Janayugom Online

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി യുഡിഎഫില്‍ കലഹം

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിക്കുള്ള അദ്ധ്യക്ഷ പദവി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയറെ ചൊല്ലി യുഡിഎഫില്‍ കലഹം. കോണ്‍ഗ്രസും, മുസ്ലീലീഗും അവകാശവാദം ഉന്നയിച്ച് രംഗത്തു വന്നിരിക്കുകയാണ്. കൊല്ലം കോര്‍പ്പറേഷനിലും ഡെപ്യൂട്ടി മേയറെ ചൊല്ലി ലീഗും,ആര്‍എസ്പിയും കൊമ്പുകോര്‍ത്തിരിക്കുകയാണ് .അതിനു പിന്നാലെയാണ് കണ്ണൂരില്‍ കോണ്‍ഗ്രസും, ലീഗും അധികാരത്തിനായി പരസ്പരം വിഴുപ്പലക്കുന്നത്.

ഒടുവില്‍ കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം കോൺഗ്രസ്സും മുസ്ലിം ലീഗും രണ്ടര വർഷം വീതം പങ്കിടാനാണ് തീരുമാനം. കോൺഗ്രസ്സിലെ പി ഇന്ദിരയാണ് യുഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥി.മുസ്ലീം ലീഗിലെ കെ പി താഹിറാണ് ഡപ്യൂട്ടി മേയർ സ്ഥാനാർത്ഥി.കഴിഞ്ഞ തവണയും സമാനമായായിരുന്നു കോൺ​ഗ്രസും ലീ​ഗും മേയർ സ്ഥാനം പ​ങ്കിട്ടത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞും കോൺ​ഗ്രസ് മേയർ സ്ഥാനം ഒഴിഞ്ഞു കൊടുക്കാത്തത് മുസ്ലീം ലീ​ഗിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

സംസ്ഥാന നേതൃത്വമുൾപ്പെടെ ഇടപെട്ടാണ് അന്ന് താൽക്കാലിക ശമനമുണ്ടായത്. ഈ പ്രശ്നങ്ങൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും വലിയ ചർച്ചയായിരുന്നു. കോൺ​ഗ്രസ് മുസ്ലീം ലീ​ഗ് പോര് തെരഞ്ഞെടുപ്പിൽ പരസ്യമായിരുന്നു. സീറ്റുകൾ സംബ​ന്ധിച്ച് വലിയ പ്രശ്നങ്ങൾ നടന്നിരുന്നു. മുസ്ലീം ലീ​ഗിന് പരി​ഗണന തരുന്നില്ലെന്ന പരാതിയും ഉണ്ടായിരുന്നു. ഇത് പ്രവർത്തകർക്കിടയിലും ഭിന്നിപ്പുണ്ടാക്കിയിരുന്നു.

Exit mobile version