റഷ്യയുമായുള്ള വ്യോമയുദ്ധം അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, യുഎസിനോട് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ട് ഉക്രെയ‍്ന്‍. 25 യുഎസ് പാട്രിയറ്റ് മിസൈൽ വിരുദ്ധ ബാറ്ററികൾ കൂടി വിതരണം ചെയ്യണമെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലോഡിമര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തമ്മില്‍ ഹംഗറിയില്‍ ചര്‍ച്ചനടത്താനിരിക്കെയാണ് സെലന്‍സ്കിയുടെ നീക്കം. ഉക്രെയ്‌നിന് ഇതിനകം തന്നെ ചില പാട്രിയറ്റ് ഇന്റർസെപ്റ്റര്‍ മിസൈലുകളുണ്ട്.
എന്നാൽ ശൈത്യകാലം അടുക്കുമ്പോൾ റഷ്യ വീണ്ടും കനത്ത ആക്രമണത്തിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഉക്രെയ‍്ന്‍ കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ കെെവശമുള്ളവ ഉക്രെയ‍്നിലെ പ്രധാന നഗരങ്ങളെയും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ പര്യാപ്തമല്ല.
ട്രംപുമായി സെലന്‍സ്കി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും കഴിഞ്ഞയാഴ്ച വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയും ഉക്രെയ്‍ന് ദീര്‍ഘദൂര ടോമാഹോക്ക് ക്രൂയിസ് മിസെെലുകള്‍ യുഎസ് കെെമാറുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം ട്രംപിന്റെ നിലപാടില്‍ മാറ്റം വന്നെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളില്‍ നിന്ന് വ്യക്തമായി.
അതേസമയം, ക്ഷണിച്ചാൽ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്കി അറിയിച്ചു. ബുഡാപെസ്റ്റ് യോഗത്തിന് അടിത്തറ പാകുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർജി ലാവ്‌റോവും കൂടിക്കാഴ്ച നടത്തും.

