പാശ്ചാത്യരാജ്യങ്ങളുടെ യുദ്ധമുന്നറിയിപ്പുകള്‍ക്കിടെ ഉക്രെയ്ന്‍-റഷ്യ വിഷയത്തില്‍ അയവ്. മുൻനിശ്ചയപ്രകാരമുള്ള സൈനികാഭ്യാസം പൂർത്തിയാക്കി അതിര്‍ത്തിമേഖലകളില്‍ നിന്നും റഷ്യൻസേന മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യയുടെ തെക്കൻ, പടിഞ്ഞാറൻ മേഖലയിൽ തമ്പടിച്ചിരുന്ന ഒന്നരലക്ഷത്തോളം സൈനികര്‍ പരിശീലനം പൂർത്തിയാക്കി മടങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് അറിയിച്ചു.
ഇന്നലെ ഉക്രെയ്‌നുമേല്‍ റഷ്യ ആക്രമണം നടത്തുമെന്നായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അന്നേ ദിവസം തന്നെ കൂടുതല്‍ സൈന്യത്തെ പിന്‍വലിച്ചത് ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനുള്ള സാധ്യതകളാണ് തുറന്നു നല്‍കുന്നത്. ഉക്രെയ്ന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ പാശ്ചാത്യരാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ തയാറെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നിലപാട്.
റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ, സുരക്ഷാകാര്യങ്ങളിൽ അമേരിക്കയും നാറ്റോ സഖ്യവും ഇടപെട്ടാൽ കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോസ്കോയില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞിരുന്നു. നയതന്ത്രസാധ്യത അടഞ്ഞിട്ടില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അതിര്‍ത്തിയില്‍ നിന്നും സേന പിന്മാറുന്നത് ശുഭസൂചനയാണെന്നും ഷോള്‍സ് മാധ്യമങ്ങളോട് പറഞ്ഞു. കീവിൽ ഉക്രെയ്‌ൻ പ്രസിഡന്റിനെ സന്ദർശിച്ചശേഷമാണ് ഷോൾസ് മോസ്കോയില്‍ എത്തിയത്.
ചർച്ചകൾക്ക് റഷ്യ തയാറാണെന്നും നാറ്റോ സഖ്യത്തിൽ ഉക്രെയ്‌നെ അംഗമാക്കില്ലെന്ന ഉറപ്പാണ് വേണ്ടതെന്നും സൈനികരെ പിന്‍വലിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനിടെ റഷ്യന്‍ വിദേശമന്ത്രി സെർജി ലാവ്‌റോവ് പ്രതികരിച്ചു. നാറ്റോ സഖ്യം ഉക്രെയ്‌നിലെ ആയുധവിന്യാസം അവസാനിപ്പിച്ച് കിഴക്കൻ യൂറോപ്പിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഴക്കൻ ഉക്രെയ്‌നിലെ റഷ്യൻ അനുകൂല നഗരങ്ങളായ ഡോൺബാസ്, ലുഹാൻസ്‌ക് എന്നിവയെ സ്വതന്ത്രപരമാധികാര ജനകീയ റിപ്പബ്ലിക്കുകളായി അംഗീകരിക്കാനുള്ള പ്രമേയം റഷ്യൻ പാര്‍ലമെന്റായ ഡ്യൂമ പാസാക്കിയിരുന്നു. 2014ൽ ആണ് ഇരുനഗരവും ഉക്രെയ്‌നിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റിപ്പബ്ലിക്കുകളായി സ്വയം പ്രഖ്യാപിച്ചത്. 2015ലെ സമാധാന കരാറിന്റെ ലംഘനമായതിനാല്‍ പുടിന്‍ അനുകൂല നിലപാട് സ്വീകരിക്കില്ലെന്നാണ് സൂചന.
ഉക്രെയ്‌നിന്റെ വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന ബെലാറുസില്‍ റഷ്യന്‍ സൈനികര്‍ തുടരുന്നത് യുദ്ധത്തിനുള്ള സാധ്യതയായാണ് നാറ്റോയും പശ്ചാത്യരാജ്യങ്ങളും വിലയിരുത്തുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം സൈനികാഭ്യാസത്തിന് ശേഷം ഞായറാഴ്ചയോടെ റഷ്യന്‍ സേന മടങ്ങുമെന്ന് ബെലാറുസ് വിദേശകാര്യമന്ത്രി വ്ളാദിമിര്‍ മകേയ് പറഞ്ഞു. യുഎസിന്റെ യുദ്ധമുന്നറിയിപ്പിന് തെളിവ് ചോദിച്ചാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കി പ്രശ്നത്തെ പരിഹരിക്കാന്‍ ശ്രമിച്ചത്. പാശ്ചാത്യശക്തികളുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും മുന്നില്‍ ഏകതാദിവസം ആചരിച്ച് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് ഉക്രെയ്ന്‍ ആവര്‍ത്തിക്കുകയും ചെയ്തു. സൈനിക പിന്‍മാറ്റത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന നാറ്റോ നിലപാടിനെ തുടര്‍ന്ന് ആശങ്കയിലായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉക്രെയ്നിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
English Summary:Ukraine crisis; Conflict goes away
You may also like this video