Site iconSite icon Janayugom Online

ഉക്രെയ്‍ന്‍: രാജ്യങ്ങളുടെ സുരക്ഷാ താല്പര്യങ്ങൾ പരിഗണിക്കണമെന്ന് ഇന്ത്യ

ഉക്രെയ്‍ന്‍ സംഘര്‍ഷത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. നയതന്ത്ര ചര്‍ച്ചകളിലൂടെയുള്ള പ്രശ്നപരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചു. ഉക്രെയ്ന്‍ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി റഷ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യന്‍ സ്ഥിരപ്രതിനിധി ടി എസ് തിരുമൂര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ താല്പര്യങ്ങൾ കണക്കിലെടുത്ത്, മേഖലയിലും പുറത്തും ദീർഘകാല സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്ന രീതിയില്‍ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്ത്യയുടെ പരിഗണനയെന്നും തിരുമൂര്‍ത്തി പറഞ്ഞു. 

ഉക്രെയ്‍നിലെ 20,000ത്തിലധികം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നത്. എല്ലാ കക്ഷികളുടെയും ആശങ്കകൾ ക്രിയാത്മകമായ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ ആത്മാർത്ഥവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങളിലൂടെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള ഇന്ത്യയുടെ ആ­ഹ്വാ­നം ആവ­ര്‍ത്തിക്കുന്നുവെന്നും തിരുമൂര്‍ത്തി സമിതിയെ അറിയിച്ചു. സ്ഥിതിഗതികൾ ക­ണ­­ക്കിലെടുത്ത് ഇന്ത്യൻ വിദ്യാർത്ഥികളോട് ഉക്രെയ്ൻ വിടാൻ കീവിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യയേയും ഉക്രെയ്‍നെയും സംബന്ധിച്ച് യോഗത്തിനു മുന്‍പ് ചര്‍ച്ച നടത്തിയതായി യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഡൊണാള്‍ഡ് ലു പറഞ്ഞിരുന്നു. യുഎസും റഷ്യയും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് സന്തുലിതമായ നിലപാടിനാണ് ഇന്ത്യ ശ്രമിക്കുന്നത്. 

Eng­lish Summary:Ukraine: India urges coun­tries to con­sid­er secu­ri­ty interests
You may also like this video

Exit mobile version