Site iconSite icon Janayugom Online

ഉക്രെയ‍്ന്‍ സെെനിക നടപടി: റഷ്യയുടേത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം: യുഎസ്

റഷ്യയുടെ ഉക്രെയ‍്നിലെ സെെനിക നടപടിക്ക് ഒരു വര്‍ഷം തികയാനിരിക്കെ റഷ്യ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി യുഎസിന്റെ ഔദ്യോഗിക പ്രഖ്യാപനം. കൊലപാതകം, പീഡനം, ബലാത്സംഗം, നാടുകടത്തല്‍ തുടങ്ങി മനുഷ്യജീവിതം പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ മാത്രമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും യുഎസ് വെെസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. ഉക്രെയ്‍നിലെ റഷ്യന്‍ നടപടികള്‍ തെളിവുകളോടെ പരിശോധിച്ചു. അവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്ന് നിസംശയം ഉറപ്പിക്കാമെന്നും കമല പറഞ്ഞു. 

കുറ്റകൃത്യങ്ങൾ ചെയ്തവരും പങ്കാളികളായവരും മറുപടി പറയേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഗര്‍ഭിണിയായ സ്ത്രീയെ പ്രസവാശുപത്രിയില്‍ വച്ച് കൊലപ്പെടുത്തിയതും മരിയുപോളിലെ തിയേറ്ററില്‍ ബോംബാക്രമണം നടത്തിയതും കമല പരാമര്‍ശിച്ചു. എത്ര സമയമെടുത്താലും അത്രയും കാലം ഉക്രെയ‍്ന് പിന്തുണ നല്‍കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയില്‍ നടന്ന മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിലായിരുന്നു കമലാ ഹാരിസിന്റെ പ്രസ്താവന. ഉക്രെയ‍്ന്‍ സംഘര്‍ഷം വിലയിരുത്താന്‍ ഫ്രാന്‍സ്, ജര്‍മ്മനി, ചെെന, തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുടെ മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സാണ് മ്യൂണിച്ചില്‍ നടക്കുന്നത്.
നാറ്റോയെ വിഭജിക്കാന്‍ കഴിയുമെന്ന പുടിന്റെ ധാരണ തെറ്റാണെന്നും കമലാ ഹാരിസ് പറഞ്ഞു. നാറ്റോ സഖ്യം എന്നത്തേക്കാളും ശക്തമാണ്. ഈ ഐക്യം നിലനിൽക്കുമെന്നതിൽ യുഎസിന് സംശയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസിന്റെ കണക്കുകള്‍ പ്രകാരം 30,000 യുദ്ധക്കുറ്റങ്ങളാണ് റഷ്യ ഉക്രെയ്നില്‍ ചെയ്തിട്ടുള്ളത്.
ഉക്രെയ‍്ന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഫറിന്‍സില്‍ സംസാരിക്കവേ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. ഉക്രെയ‍്ന് ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചുനല്‍കണം. ഇതിനായി നാറ്റോ പുതിയൊരു ഉടമ്പടി കൊണ്ടുവരേണ്ടതുണ്ടെന്നും സുനക് വ്യക്തമാക്കി. റഷ്യ, ഉക്രെയ്‍നില്‍ നടപ്പാക്കിയത് വംശഹത്യയാണെന്നാണ് ഉക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലെബ വിശേഷിപ്പിച്ചു. ഉക്രെയ്ന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി തുടരുന്നതിലെ അനിഷ്ടമാണ് ഇത്ര വലിയ ക്രൂരതയിലേക്ക് റഷ്യയെ നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

റഷ്യ ‑ഉക്രെയ്ന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള പദ്ധതികളാണ് ചൈനയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ വാങ് യി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്. യുഎന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള പരമാധികാരം, അതിര്‍ത്തി എന്നിവ സംരക്ഷിക്കുമെന്നും. എന്നാല്‍ അതേ അളവില്‍ തന്നെ റഷ്യയുടെ സുരക്ഷാ താല്പര്യങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ചെെന വ്യക്തമാക്കി. 

Eng­lish Sum­ma­ry: Ukraine Mil­i­tary Action: Rus­si­a’s Crime Against Human­i­ty: US

You may also like this video

Exit mobile version