Site iconSite icon Janayugom Online

ഉക്രെയ്ന്‍ രക്ഷാ ദൗത്യം; അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടാമെന്ന് സുപ്രീം കോടതി

ഉക്രെയ്ന്‍ രക്ഷാ ദൗത്യം സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടാമെന്ന് സുപ്രീം കോടതി. ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പരാമര്‍ശം. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുതിനോട് നിര്‍ദേശിക്കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

കിഴക്കന്‍ ഉക്രെയ്‌നിലുള്ള വിദ്യാര്‍ത്ഥികളെ മടക്കി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റഷ്യന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. ആ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ കഴിയുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഏത് സര്‍ക്കാരിനോട് സുരക്ഷാ ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ആരാഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവസ്ഥയില്‍ കോടതിക്ക് വിഷമം ഉണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കോടതി ഇടപെടുന്നില്ലെന്ന അഭിപ്രായം ചിലര്‍ പ്രകടിപ്പിക്കുന്നത് കണ്ടു. എന്നാല്‍ യുദ്ധം നിര്‍ത്താന്‍ പുതിനോട് നിര്‍ദേശിക്കാന്‍ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായാല്‍ ഒഴിപ്പിക്കല്‍ ദൗത്യം കൂടുതല്‍ ഫലപ്രദമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

Eng­lish sum­ma­ry; Ukraine res­cue mis­sion; Supreme Court said it would seek the opin­ion of the Attor­ney General

You may also like this video;

Exit mobile version