Site icon Janayugom Online

റഷ്യന്‍ സെെനികരെ വളഞ്ഞ് ഉക്രെയ്ൻ: സപ്പോരീഷ്യ ആണവ നിലയ മേധാവി തടവില്‍

കിഴക്കന്‍ നഗരമായ ലെെമനില്‍ റഷ്യന്‍ സെെനികരെ വളഞ്ഞ് ഉക്രെയ്ൻ. നഗരത്തിലെ റഷ്യന്‍ സെെനിക കേന്ദ്രത്തിലുള്ള സെെന്യത്തെയാണ് ഉക്രെയ്ന്‍ സേന വളഞ്ഞത്. പ്രത്യാക്രമണ നീക്കം പുരോഗമിക്കുകയാണെന്ന് ഉക്രെയ്ന്‍ സെെനിക വക്താവ് അറിയിച്ചു. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ സെെനിക ചരക്കുനീക്കങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ലെെമന്‍ നഗരം നഷ്ടമാകുന്നത് ഉക്രെയ്നിലെ വ്യവസായിക നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള റഷ്യന്‍ പദ്ധതികള്‍ക്ക് തിരിച്ചടിയാകും. 5000 മുതല്‍ 5500 വരെ റഷ്യന്‍ സെെനികര്‍ ലെെമനിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ പ്രത്യാക്രമണത്തില്‍ സെെനികരുടെ എണ്ണത്തില്‍ കുറവുണ്ടായേക്കാമെന്ന് ഉക്രെയ്ൻ സെെന്യം പറയുന്നു.
സപ്പോരീഷ്യ ആണവനിലയത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറലിനെ റഷ്യന്‍ സെെന്യം തടവിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആണവനിലയത്തിന്റെ ചുമതലയുള്ള ഇഹോര്‍ മുറഷോവിനെയാണ് റഷ്യന്‍ സെെന്യം തടവിലാക്കിയത്. അദ്ദേഹത്തെ വാഹനത്തില്‍ നിന്നും ഇറക്കി കണ്ണ് കെട്ടി അഞ്ജാത മേഖലയിലേക്ക് കൊണ്ടു പോവുകയായിരുന്നു. റഷ്യന്‍ ഊര്‍ജ ദാതാക്കളായ റോസാറ്റത്തിന് നിലയത്തിന്റെ നിയന്ത്രണം കെെമാറാന്‍ റഷ്യ ശ്രമിക്കുന്നതായും ഉക്രെയ്ന്‍ ആരോപണമുന്നയിച്ചു. കെെമാറല്‍ സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ നിലയത്തിലെ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നതായും ഉക്രെയ്‍ന്‍ പറഞ്ഞു.
അതിനിടെ, ഉക്രെയ്നുള്ള സാമ്പത്തിക പിന്തുണയുടെ ഭാഗമായി 53 കോടി ‍ഡോളറിന്റെ അധിക ധനസഹായം ലോകബാങ്ക് പ്രഖ്യാപിച്ചു. യുകെയുടെയും ഡെന്‍മാര്‍ക്കിന്റെയും പിന്തുണയോടെയാണ് ധനസഹായം. ഇതേവരെ 1300 കോടി‍ ഡോളറിന്റെ സഹായമാണ് ഉക്രെയ്ന് ലോകബാങ്ക് നല്‍കിയത്. 1235 കോടി ‍ഡോളറിന്റെ സാമ്പത്തിക സഹായം യുഎസും പ്രഖ്യാപിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Ukraine sur­rounds Russ­ian soldiers
You may also like this video:

Exit mobile version