Site icon Janayugom Online

ഇന്ത്യക്കെതിരെ യുഎൻ ; മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം

മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്ത്യൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ. മതവിദ്വേഷം, വിവേചനം, കലാപം എന്നിവ പ്രോത്സാഹിപ്പിക്കരുതെന്നും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും യുഎൻ അധികൃതര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.  ജാഗ്രതാ ആക്രമണങ്ങള്‍ സദാചാര സംരക്ഷണ ആക്രമണങ്ങള്‍ എന്നിവ തടയുകയും കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. വിവേചനരഹിത നിയമങ്ങള്‍ നടപ്പാക്കണമെന്നും സ്ത്രീകള്‍,  ദളിതര്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാകണം നിയമനിര്‍മ്മാണമെന്നും യുഎൻ പ്രത്യേക സംഘം നിര്‍ദേശിക്കുന്നു.
ലിംഗ വിവേചനം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണം, എന്നിവയ്ക്കെതിരെ നടപടി വേണം. വൻകിട പദ്ധതികള്‍ക്കായി വീടുകള്‍ തകര്‍ക്കുന്നതും ന്യൂനപക്ഷങ്ങളെ വീടുപേക്ഷിക്കാൻ നിര്‍ബന്ധിക്കുന്നതും തടയണം. അസമിലെ ബംഗാളി വംശജരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.  ഇഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജൻസികളെ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ക്കും സംഘങ്ങള്‍ക്കും എതിരെ ദുരുപയോഗം ചെയ്യരുതെന്നും മോഡി സര്‍ക്കാരിനോട് യുഎൻ നിര്‍ദേശിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെമേല്‍ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്.
സമൂഹത്തിന്റെ നന്മയ്ക്കായി സാമൂഹിക സംഘടനകള്‍ വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് അവയ്ക്ക് പ്രവര്‍ത്തിക്കാൻ സാഹചര്യം ഒരുക്കണം.  ഇത്തവണത്തെ തെരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമായി നടത്തുന്നു എന്ന് ഉറപ്പാക്കണമെന്നും പക്ഷാപാതമുണ്ടാക്കുന്നതിനായി ഔദ്യോഗിക വിഭവങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച യുഎൻ വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ എൻഫോഴ്സ്ഡ് ആന്റ് ഇൻവോളന്ററി ഡിസപ്പിയറൻസസുമായി സഹകരിക്കണമെന്നും യുഎൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ഏകാധിപത്യ രാജ്യമെന്ന് വി-ഡെം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. സ്വീ‍ഡൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വറൈറ്റീസ് ഓഫ് ഡെമോക്രസി(വി-ഡെം) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലിബറല്‍ ഡെമോക്രസി റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 140 ആയി താഴ്ന്നു. 179 രാജ്യങ്ങളുടെ പട്ടികയില്‍ അവസാന 40–50 ശതമാനത്തിലാണ് ഇന്ത്യ. 2013 മുതല്‍ രാജ്യത്തിന് ഏകാധിപത്യ സ്വഭാവമുണ്ടെന്നും ലോകത്തിലെ ആദ്യ 10 ഏകാധിപത്യ രാജ്യങ്ങളില്‍ ഒന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട 10ല്‍ എട്ട് രാജ്യങ്ങളും നേരത്തെ ജനാധിപത്യ വിഭാഗത്തിലായിരുന്നു. 2023ലെ കണക്ക് പ്രകാരം പോളണ്ടും ഗ്രീസും മാത്രമാണ് ജനാധിപത്യ രാജ്യമായി നിലകൊണ്ടത്.
ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളിലെ ആളുകളുടെ എണ്ണം കണക്കാക്കിയാല്‍ പകുതിയും ഇന്ത്യയിലാണ്. ഇന്ത്യയെ ജനാധിപത്യ രാജ്യമായി കണക്കാക്കാനാകില്ലെന്നും 2018ല്‍ ഇന്ത്യ ‘തെര‍ഞ്ഞെടുപ്പ് നടക്കുന്ന ഏകാധിപത്യ രാജ്യങ്ങള്‍’ എന്ന വിഭാഗത്തിലേക്ക് മാറിയതായും 2023 വരെ ഇതില്‍ മാറ്റം വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആഗോളതലത്തില്‍ ഏകാധിപത്യ സ്വഭാവം വര്‍ധിക്കുന്നതായും 42 രാജ്യങ്ങളില്‍ ഏകാധിപത്യം നിലനില്‍ക്കുന്നതായും 280 കോടി ജനങ്ങള്‍ അഥവാ ലോക ജനസംഘ്യയുടെ 35 ശതമാനം ഏകാധിപത്യത്തിന് കീഴിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് ഏകാധിപത്യ രാജ്യങ്ങളില്‍ ജീവിക്കുന്നവരില്‍ 18 ശതമാനവും ഇന്ത്യയിലാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ 1975നു സമാനമായി ജനാധിപത്യം താഴ്ന്നിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിയറ്റ്നാം യുദ്ധം അവസാനിക്കുകയും ചെയ്ത കാലഘട്ടത്തിന് സമാന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
രാജ്യത്ത് 140 കോടി ജനങ്ങളും ഏകാധിപത്യം അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലിബറല്‍ കംപോണന്റ് ഇന്‍ഡക്സ്, ഇലക്ടറല്‍ ഡെമോക്രസി ഇൻഡക്സ്(ഇഡിഐ) എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ള 71 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് വി-ഡെം ലിബറല്‍ ഡെമോക്രസി ഇൻഡക്സ് പുറത്തിറക്കുന്നത്. ഇന്ത്യക്ക് 0.28 ആണ് സ്കോര്‍. 119-ാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ 0.21 ആണ് നേടിയത്. സംശുദ്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പിനൊപ്പം അഭിപ്രായ സ്വാതന്ത്ര്യം, പുരുഷ‑വനിതാ വോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ ഇഡിഐ കണക്കാക്കുന്നു.
ഇതില്‍ ഇന്ത്യയുടെ സ്ഥാനം 110 ആണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ അഭിപ്രായ പ്രകടനത്തിനുള്ള അവകാശങ്ങള്‍ കുറയുന്നു, മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു, സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടുന്നു, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുന്നു, സന്നദ്ധ സംഘടനകള്‍, പ്രതിപക്ഷം എന്നിവ ആക്രമിക്കപ്പെടുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യദ്രോഹം, അപകീര്‍ത്തി പരാമര്‍ശം, ഭീകരപ്രവര്‍ത്തനം എന്നിവ ഉപയോഗിച്ച് വിമര്‍ശകരെ നിശബ്ദരാക്കുന്നതായും യുഎപിഎ നിയമം ഭേദഗതി വരുത്തി മതനിരപേക്ഷത തകര്‍ക്കുന്നതായും മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതായും വി-ഡെം പറയുന്നു.
Eng­lish Sum­ma­ry: UN against India
You may also like this video
Exit mobile version