Site iconSite icon Janayugom Online

ഖുറം പര്‍വേസിനെ വിട്ടയയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ

kuramkuram

യുഎപിഎ ചുമത്തി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെ അറസ്റ്റുചെയ്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ.

ഖുറത്തിനെ വിട്ടയയ്ക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് റുപേര്‍ട്ട് കോള്‍വില്ലേ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അറസ്റ്റില്‍ കടുത്ത ആശങ്ക ഉന്നയിച്ച അദ്ദേഹം ആവിഷ്കാര സ്വാതന്ത്ര്യത്തിനും കൂട്ടായ്മയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഖുറത്തിന്റെ അവകാശം പൂർണമായും സംരക്ഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 22നാണ് പര്‍വേസിനെ ശ്രീനഗറില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്. തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. അതേസമയം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഖുറത്തിന്റെ കുടുംബാംഗങ്ങളും ആരോപണം നിഷേധിച്ചിരുന്നു.

ആരോപണങ്ങളുടെ വസ്തുതയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. കാണാതായവരുടെ കുടുംബങ്ങൾക്ക് വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്ന ഒരു അഭിഭാഷകന്‍ കൂടിയാണ് ഖുറം. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെയും അദ്ദേഹം വേട്ടയാടപ്പെട്ടിട്ടുണ്ട്.

2016ല്‍ ജനീവയിലെ മനുഷ്യാവകാശ കൗൺസിലിലേക്കുള്ള യാത്ര തടഞ്ഞുകൊണ്ട് അദ്ദേഹത്തെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റു ചെയ്ത് രണ്ടര മാസക്കാലം തടങ്കലില്‍ വച്ചിരുന്നു. തുടര്‍ന്ന് തടങ്കല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ ഹൈക്കോടതി അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നുവെന്നും യുഎന്‍ വക്താവ് ചൂണ്ടിക്കാട്ടി.

അതേസമയം ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ഇന്ത്യയിലെ നിയമപാലകർക്കും സുരക്ഷാ സേനയ്ക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യുഎന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ജമ്മു കശ്മീരില്‍ അതിർത്തി കടന്നുള്ള ഭീകരതയിൽ ഇന്ത്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ കുറിച്ച് മനസിലാക്കാതെയാണ് യുഎന്നിന്റെ പ്രതികരണമെന്നും കേന്ദ്രം വിമര്‍ശിച്ചു.

Eng­lish Sum­ma­ry: UN demands release of Quram Parvez

You may like this video also

Exit mobile version