Site iconSite icon Janayugom Online

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍: യുഎന്നില്‍ ഇന്ന് ചര്‍ച്ച

un united nationsun united nations

പൗരത്വ ഭേദഗതി നിയമം, ഹിജാബ് തുടങ്ങിയ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ന് യുഎന്നില്‍ ചര്‍ച്ച. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അവലോകനം ചെയ്യുന്നത്. സിഎഎയ്ക്ക് പുറമെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ), കസ്റ്റഡി പീഡനം, മാധ്യമ സ്വാതന്ത്ര്യം, വിദ്വേഷ പ്രസംഗം തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യ മറുപടി പറയേണ്ടതായി വരും. കൗൺസിലിന് മുന്‍പാകെ സമർപ്പിച്ച മുൻകൂർ ചോദ്യങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തെ ന്യൂനപക്ഷ വിരുദ്ധമെന്നാണ് ബെല്‍ജിയം വിശേഷിപ്പിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗം, ഇന്റർനെറ്റ് വിലക്ക്, കർണാടകയിലെ ഹിജാബ് പ്രശ്നം എന്നിവയില്‍ അമേരിക്കയും സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. യുഎസ്, ബെൽജിയം, സ്പെയിൻ, പനാമ, കാനഡ, സ്ലോവേനിയ എന്നീ രാജ്യങ്ങളും ഇന്ത്യയിലെ മനുഷ്യാവകാശ വിഷയങ്ങളില്‍ മുന്‍കൂര്‍ ചോദ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യ നൽകുന്ന ദേശീയ റിപ്പോർട്ട്, സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധരും ഗ്രൂപ്പുകളും, അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളും നൽകുന്ന വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആനുകാലിക അവലോകനം നടത്തുന്നത്. ഓഗസ്റ്റിൽ സമർപ്പിച്ച ദേശീയ റിപ്പോർട്ടിൽ, ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമങ്ങൾ പൂർണമായും സ്ഥിരമായും നടപ്പിലാക്കിയതായി ഇന്ത്യ അറിയിച്ചിരുന്നു. 2018 മുതൽ വർഗീയ കലാപങ്ങളിൽ കുറവുണ്ടായതായും അവകാശപ്പെടുന്നു. സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങി നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിച്ച നിരവധി പദ്ധതികളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മനുഷ്യാവകാശ സംഘടനകള്‍ നല്‍കുന്ന വിവരങ്ങള്‍ ദേശീയ റിപ്പോര്‍ട്ടിന് തികച്ചും വിരുദ്ധമാണ്. ഇത് നാലാം തവണയാണ് ആനുകാലിക അവലോകന പ്രക്രിയയ്ക്ക് കീഴിൽ ഇന്ത്യയെ വിലയിരുത്തുന്നത്. മറ്റ് രാജ്യങ്ങളിലെ സാഹചര്യവും വിലയിരുത്തലുകള്‍ക്ക് വിധേയമാകും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് വർമ, ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്രമണി പാണ്ഡെ, അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ. ദേശീയ റിപ്പോർട്ട് തയാറാക്കുന്നതിൽ സഹകരിച്ച ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും സംഘത്തിന്റെ ഭാഗമാകും.

Exit mobile version