Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ അനശ്ചിതത്വം നീളുന്നു; മന്ത്രിസഭാ അധികാരമേല്‍ക്കാന്‍ കഴിയാതെ മാഹായൂതി

മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായൂതി ഭൂരിപക്ഷം സീറ്റുകള്‍ നേടി ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തെര‍ഞ്ഞെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നു. ശിവസേന ഷിന്‍ഡേ വിഭാഗം ബിജെപിയെ ശരിക്കും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനത്തിനായി അവര്‍ അവകാശവാദം ശക്തമായി ഉന്നയിച്ചിരക്കുകയാണ്.

രണ്ടരവര്‍ഷം മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ബിജെപി തള്ളിയതോടെ അദ്ദേഹം ശരിക്കും നിരാശനായിരിക്കുകയാണ്. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിയെ പുറത്തുനിന്ന് പിന്തുണയ്ക്കുാമെന്നാണ് ഷിന്‍ഡേ ബിജെപി നേതാക്കളോട് പറഞ്ഞിരിക്കുന്നത്. അഭിപ്രായ സര്‍വേകളില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്‍പേര്‍ പിന്തുണച്ചത് ഷിന്‍ഡേയാണെന്ന് ശിവസേന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.അജിത് പവാറിന്റെ എൻസിപിയെ കൂട്ടി സർക്കാർ രൂപവത്കരിക്കാൻ കഴിയുമെങ്കിലും ഏക്‌നാഥ് ഷിന്‍ഡേയെ ഒഴിവാക്കാനാവാതെ ബുദ്ധിമുട്ടുകയുമാണ് ബിജെപി. മന്ത്രിസഭയിൽ അധികാരസംതുലനത്തിന് ഷിന്‍ഡേ തന്നെ വേണമെന്ന് പാർട്ടി കരുതുന്നു.

പുതിയ സർക്കാർ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ വിളിച്ച യോഗത്തിൽ ഷിന്‍ഡേയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ചെറുത്തുനിൽപ്പ് ബിജെപിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത് ഷിന്‍ഡേയുടെ പ്രാധാന്യം മനസ്സിലാക്കിയ ബിജെപിക്ക് അദ്ദേഹത്തെ മാറ്റിനിർത്താൻ തയ്യാറല്ല. പ്രധാനവകുപ്പുകൾക്കായിട്ടാണ് ഇപ്പോൾ ഷിന്‍ഡേയുടെ വിലപേശൽ. അദ്ദേഹത്തെ അനുനയിപ്പിക്കുക ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാന കടമ്പയാണ്.

കഴിഞ്ഞ രണ്ടരവർഷംകൊണ്ട് അദ്ദേഹം മാഹാരാഷട്രയില്‍ ശക്തനായ മറാഠാനേതാവായി ഉയർന്നുവരുകയായിരുന്നു. മറാഠാ സംവരണനേതാവ് ജരാങ്കെപാട്ടീലുമായി ഷിന്‍ഡേയുടെ ബന്ധം ശക്തമാണ്. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുന്നതോടെ ജരാങ്കെപാട്ടീൽ വീണ്ടും സംവരണ പ്രശ്നവുമായി മുന്നോട്ടുവന്നേക്കാമെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ ഷിന്ദേ മന്ത്രിസഭയിലുണ്ടായിരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആഗ്രഹം. ഷിന്‍ഡേഇല്ലങ്കിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയെന്നനിലയിൽ കൂടുതൽ കരുത്താർജിക്കുന്ന സാഹചര്യവും ബിജെപി മുന്നിൽക്കാണുന്നു. ഷിന്‍ഡേക്ക് പകരം മകൻ ശ്രീകാന്ത് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുന്നതിനോട് പാർട്ടിക്ക് താത്പര്യമില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു. 288 അംഗ സഭയിൽ 145 സീറ്റാണ് സർക്കാർ രൂപവത്‌കരിക്കാൻ വേണ്ടത്. മഹായുതിയിൽ 132 സീറ്റ് ബിജെപിയും 57 സീറ്റ് ശിവസേനയും 41 സീറ്റ് എൻസിപിയും നേടിയിട്ടുണ്ട്.

Exit mobile version