Site icon Janayugom Online

ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇടതുപക്ഷത്തിന്: ഡി രാജ

ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ളത് ഇടതുപക്ഷത്തിന് മാത്രമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പാര്‍ലമെന്റില്‍ ഉറച്ച നിലപാടുകള്‍ ഉയര്‍ത്താന്‍ ഇടതുപക്ഷത്തിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡി രാജ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വരുന്ന സാധാരണ തെരഞ്ഞെടുപ്പല്ല. രാജ്യത്തിന് നിര്‍ണായകമാണിത്. മോഡി എന്ന ദുരന്തത്തെ രാജ്യത്തെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങളിലൂടെ മനസിലാക്കിയിട്ടുണ്ട്. ജനങ്ങള്‍ അതിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി നിലനില്‍ക്കണോ ഏകാധിപത്യ രാജ്യമായോ മതരാഷ്ട്രമായോ മാറണോ എന്നതാണ് പ്രധാന ചോദ്യം. അംബേദ്കര്‍ക്ക് പോലും ഭരണഘടന ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. എന്നാല്‍ തങ്ങള്‍ വീണ്ടും വന്നാല്‍ ഭരണഘടന ഇല്ലാതാക്കുമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് മോഡി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളോട് പറയാത്തത്. ഇന്ത്യയുടെ ഭരണഘടന ഇല്ലാതാക്കി ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് അവര്‍ മുന്നോട്ട് പോകുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വച്ച്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരു നേതാവ് എന്ന നിലയിലേക്ക് എത്താനാണ് ശ്രമം. തെരഞ്ഞെടുപ്പിന്റെ ഭീമമായ ചെലവ് കുറയ്ക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. തെരഞ്ഞെടുപ്പ് രീതി പരിഷ്കരണവും സ്റ്റേറ്റ് ഫണ്ടിങ് ഇലക്ഷനും ഉള്‍പ്പെടെയുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യാത്തതെന്ന് ഡി രാജ ചോദിച്ചു. 

ഭാരത് ജോഡോ യാത്രയും ഭാരത് ന്യായ് യാത്രയും ബിജെപിക്കെതിരെ നടത്തിയ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇടതുപക്ഷത്തിനെതിരെയാണ് മത്സരിക്കുന്നത്. ഇത് ദൂരക്കാഴ്ചയില്ലാത്ത നടപടിയാണെന്ന് ഡി രാജ ചോദ്യത്തിന് മറുപടിയായി ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യത്തില്‍ ഒരു പാര്‍ട്ടിക്കും മേല്‍ക്കോയ്മ ഇല്ല. ബിജെപിക്കെതിരെ മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന പാര്‍ട്ടിയാണ് സിപിഐ. ബിജെപി രാജില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

Eng­lish Sum­ma­ry: Uncom­pro­mis­ing stance against BJP for Left: D Raja

You may also like this video

Exit mobile version