Site iconSite icon Janayugom Online

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32കാരനായ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷിന്റെ പിതാവ് അശോക് റാണ നൽകിയ ഹർജിയിൽ വിധി പ്രസ്താവിക്കുക. 2013ൽ ചണ്ഡീഗഢിൽ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരിക്കെ താമസസ്ഥലത്തെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ 100 ശതമാനം വൈകല്യത്തോടെ കിടപ്പിലായ ഹരീഷ്, കൃത്രിമ ഭക്ഷണ ട്യൂബിന്റെയും മരുന്നുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

മകൻ അനുഭവിക്കുന്ന തീരാവേദന കണ്ടുനിൽക്കാൻ സാധിക്കില്ലെന്നും അന്തസ്സോടെ മരിക്കാൻ അവനെ അനുവദിക്കണമെന്നുമാണ് വൃദ്ധരായ മാതാപിതാക്കളുടെ അപേക്ഷ. ജീവൻ നിലനിർത്താനായി നൽകുന്ന മരുന്നുകളും ഭക്ഷണവും പിൻവലിച്ച് ദയാവധം അനുവദിക്കണമെന്ന് അവർ കോടതിയിൽ ആവശ്യപ്പെട്ടു. വിധി പറയുന്നതിന് മുന്നോടിയായി ജഡ്ജിമാർ ഹരീഷിന്റെ മാതാപിതാക്കളെ നേരിൽ കണ്ട് സംസാരിച്ചിരുന്നു.
ഹരീഷ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നാണ് എയിംസിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഹരീഷിന്റെ അവസ്ഥ അതീവ ദയനീയമാണെന്നും ഇത്തരമൊരു കേസിൽ തീരുമാനമെടുക്കുന്നത് സങ്കീർണ്ണമാണെന്നും കോടതി നിരീക്ഷിച്ചു. 2018ലെ സുപ്രീം കോടതി വിധി പ്രകാരം ‘ദയാവധം’ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രധാന കേസായി ഇത് മാറിയേക്കാം.

Exit mobile version