അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രം, പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി എന്നിവർ ചേർന്നു സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2040 ഓടെ പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ചിട്ടുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് സര്‍ക്കാര്‍ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. 480 ടൺ പ്ലാസ്റ്റിക് മാലിന്യം കേരളം പ്രതിദിനം പുറന്തള്ളുന്നുണ്ട്. ദേശീയതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇതു ചെറുതാണെങ്കിലും ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്‌കൂൾ വളപ്പിൽ ആയിരവില്ലി ഇലിപ്പ തൈ നട്ട് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഹരിത സംരംഭ പദ്ധതിക്കു മുഖ്യമന്ത്രി തുടക്കം കുറിച്ചു. ജലസസ്യങ്ങളെക്കുറിച്ചു തയാറാക്കിയ ഫീൽഡ് ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷണ രംഗത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കു കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2022ലെ പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്ന വിഷയത്തിൽ പ്രൊഫ. രാജഗോപാൽ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി.
English Summary:Uncontrolled use of plastic will have a big impact on the country: Chief Minister
You may also like this video