Site iconSite icon Janayugom Online

തൊഴിലില്ലായ്മ തീ പടര്‍ത്തുമ്പോള്‍

2014 ല്‍ അധികാരത്തിലേക്കുള്ള കുറുക്കുവഴികള്‍ തേടുമ്പോള്‍ ദാമോദര്‍ദാസ് നരേന്ദ്രദാസ് മോഡി ഇന്ധനവില കുറയ്ക്കുമെന്നും പാചകവാതക സബ്സിഡി ഉള്‍പ്പെടെയുള്ള സബ്സിഡികള്‍ വര്‍ധിപ്പിക്കുമെന്നും മറ്റും പറഞ്ഞുവെന്ന് ഓര്‍ക്കാന്‍പോലും സംഘ്പരിവാറുകാര്‍ ഇന്ന് താല്പര്യം കാണിക്കുമെന്ന് കരുതുക വയ്യ. പ്രകടന പത്രികയില്‍ എന്‍ഡിഎ വലിയൊരു വാഗ്ദാനം 2014 ല്‍ നല്കി. വര്‍ഷത്തില്‍ രണ്ടുകോടി പുതിയ തൊഴിലവസരങ്ങള്‍. തെരഞ്ഞെടുപ്പില്‍ നന്നായി വിറ്റുപോയ വാഗ്ദാനം. ഇന്ത്യക്കാര്‍ വിദേശങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുത്ത് എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും എന്ന വാഗ്ദാനം പോലെ തന്നെ രണ്ട് കോടി തൊഴില്‍ വാഗ്ദാനവും നന്നായി ചെലവായി. കഷ്ടിച്ച് 31 ശതമാനം വോട്ടാണ് കിട്ടിയതെങ്കിലും പ്രതിപക്ഷത്തെ ഭിന്നതയും യുപിഎയുടെ പിടിപ്പുകേടും കൊണ്ട് എന്‍ഡിഎ അധികാരത്തില്‍ വരികയും ചെയ്ത്, ഒരു ജോലിയും വാഗ്ദാനം ചെയ്യാതിരുന്ന 2014 വരെ ഭരിച്ചിരുന്ന പലപ്പോഴും തീരുമാനങ്ങളെടുക്കുവാന്‍ വൈകുകയും സര്‍വത്ര ആശയക്കുഴപ്പങ്ങളുണ്ടാക്കുകയുമൊക്കെ ചെയ്ത രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു കോടി എഴുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്ത് തൊഴിലില്ലായ്മയുടെ തോത് 8.4 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി കുറഞ്ഞു എന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ കോണ്‍ഗ്രസുകാര്‍പോലും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പറയുകയുണ്ടായില്ല. ഉച്ചത്തിലുള്ള വാഗ്ദാനങ്ങളുടെ ബലത്തില്‍ അധികാരത്തില്‍ വന്ന മോഡിയുടെ ഭരണകാലത്ത് വാഗ്ദാനം ചെയ്തതുപോലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമായിരുന്നു. എന്നാല്‍ ആട് കിടന്നിടത്ത് പൂടപോലുമില്ല എന്നതാണ് അവസ്ഥ. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലാ എന്ന് മാത്രമല്ല കുടില്‍, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ നിലവിലുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ നോട്ടുനിരോധനത്തോടെ പകുതിയിലധികം ഇല്ലാതെയായി. ബംഗളുരു ആസ്ഥാനമായുള്ള അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത് 2016 നവംബര്‍ എട്ട് രാത്രി എട്ടിന് വാര്‍ത്താ ചാനലുകളിലൂടെ നാടകീയമായി പ്രഖ്യാപിക്കപ്പെട്ട (അപ്രഖ്യാപനത്തിന്റെ നിയമസാധുത ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല) നോട്ടു ബന്ദിയെ തുടര്‍ന്ന് തീര്‍ത്തും അസംഘടിതമായ കുടില്‍, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ മാത്രം 50 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടമായി എന്നാണ്. ചെറുകിട വ്യാപാരമേഖലയില്‍ 35 ലക്ഷം തൊഴിലവസരങ്ങള്‍ നോട്ടു ബന്ദി, അശാസ്ത്രീയമായി ജിഎസ്‌ടി നടപ്പിലാക്കല്‍ ഇതുവഴി ഇല്ലാതെയായി. ഇത് ‘ഓള്‍ ഇന്ത്യ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍’ (എഐഎംഒ)യുടെ സര്‍വേ പ്രകാരമുള്ള കണക്കാണ്.

അഹമ്മദാബാദിലും സൂറത്തിലും മുംബൈയിലുമുള്ള ചെറുകിട തുണിമില്ലുകളില്‍ വെറും 20 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സൂറത്തില്‍ മാത്രം ഏഴര ലക്ഷം പവര്‍ലൂമുകളില്‍ ഒന്നര ലക്ഷം മാത്രമാണ് നോട്ടുനിരോധനത്തെ അതിജീവിച്ചത്. അസംഘടിത മേഖലയിലെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അന്യദേശ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശത്തേക്ക് പലായനം ചെയ്യുന്ന കാഴ്ച നമുക്ക് മറക്കാറായിട്ടില്ല. ഇതിനൊക്കെ പുറമെ പൊതുമേഖലയിലും സര്‍ക്കാര്‍ വകുപ്പുകളിലും ഒഴിവുവരുന്ന തസ്തികകള്‍ നികത്താതെയും വലിയ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിച്ചും ഇല്ലാതെയാക്കിയ തൊഴിലവസരങ്ങള്‍ ഇതിലുമെത്രയോ അധികമാണ്. സര്‍ക്കാര്‍ മേഖലയില്‍ ഔദ്യോഗിക കണക്കുകളനുസരിച്ചുതന്നെ പത്തു ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 30 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലാ ബാങ്കുകളില്‍ മാത്രം 40 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം 5.3 കോടിയാണ്. 2014 ല്‍ യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തൊഴിലില്ലായ്മ 5.6 ശതമാനമായിരുന്നെങ്കില്‍ ഇന്ന് അത് 7.9 ശതമാനമാണ്. അപ്പോള്‍ എവിടെയാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്? 2021 ഡിസംബര്‍ 13ലെ ഡെക്കാന്‍ ഹെറാള്‍ഡിലെ റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യന്‍ സൈന്യത്തില്‍ 1,22,000 ഒഴിവുകള്‍ ഉണ്ടെന്നാണ്. രാജ്യസഭയില്‍ സിപിഐ(എം) അംഗം എംപി ഡോ. ശിവദാസന്റെ ചോദ്യത്തിന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എഴുതി നല്കിയ മറുപടിയാണ് ഇത്. ഒഴിവുവരുന്ന മുറയ്ക്ക് പത്രങ്ങളില്‍ രാജ്യമൊട്ടാകെ പരസ്യം ചെയ്ത് വളരെ കാര്യക്ഷമമായ പരീക്ഷകള്‍ നടത്തി, കായികക്ഷമത ഉറപ്പുവരുത്തി സുതാര്യമായി നടന്നുവരുന്ന റിക്രൂട്ട്മെന്റ് 2020 മാര്‍ച്ച് മാസം മുതല്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ നടന്നിട്ടില്ല.

റിക്രൂട്ട്മെന്റ് റാലികളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ക്ക് സൈന്യ ജീവിതത്തിലെ ഏറ്റവും മികച്ച അവസരങ്ങളാണ് നല്കുന്നത്. ഒരു ജവാന് താല്പര്യമുള്ള മേഖലകളില്‍ തുടര്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത് മുതല്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞുപോകുന്ന ജവാന് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ജീവിതാവസാനം വരെ ലഭ്യമാവുന്നു. വിമുക്ത ഭടന്മാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ ബാങ്കുകള്‍ ഇവയിലെല്ലാം തന്നെ നിശ്ചിത ശതമാനം ജോലി സംവരണവുമുണ്ട്. രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ അഹോരാത്രം ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ രാജ്യത്തെ വലിയൊരു ശതമാനം യുവാക്കള്‍ സൈനിക സേവനത്തിന് താല്പര്യം കാണിക്കുന്നു. കോവിഡ് കാലത്തിനു മുമ്പുതന്നെ റിക്രൂട്ട്മെന്റ് റാലികളില്‍ പങ്കെടുത്ത് എഴുത്ത്, കായികക്ഷമത പരീക്ഷകളില്‍ വിജയിച്ച് നിയമനത്തിനായി കാത്തുനില്ക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ രാജ്യത്തുണ്ട്. ഈ ഘട്ടത്തിലാണ് ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമായ ഇന്ത്യന്‍ പട്ടാളത്തിന്റെ കാര്യക്ഷമതയില്‍ തന്നെ വലിയ കുറവ് സംഭവിക്കാന്‍ പര്യാപ്തമായ ഒരു പുതിയ റിക്രൂട്ട്മെന്റ് രീതി മോഡി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കര, നാവിക, വ്യോമസേനകളില്‍ നാലുവര്‍ഷത്തേക്ക് മാത്രമായി യുവാക്കളെ നിയമിക്കുക, അതില്‍ കേവലം 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാന്‍ അവസരം ലഭിക്കുന്നു. ബാക്കിയുള്ളവര്‍ പിരിഞ്ഞുപോവണം. ഇവര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളൊന്നുംതന്നെയില്ല. ഇന്ത്യ ഇന്ന് അതിര്‍ത്തികളില്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. നിലവില്‍ ഒഴിവുള്ള ജവാന്മാരുടെ തസ്തികകളില്‍ നിയമിക്കപ്പെടുന്നത് ഇത്തരം താല്ക്കാലിക റിക്രൂട്ടുകളാവുന്നതോടെ ശരിയായ പരിശീലനവും പരിചയവും അനുഭവജ്ഞാനവുമുള്ള സൈനികരുടെ എണ്ണം അടുത്ത വര്‍ഷങ്ങളില്‍ത്തന്നെ തുലോം വിരളമാവും.

രാജ്യത്തിന്റെ അഭിമാനമായ കഴിവുറ്റ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഹരശേഷിക്ക് ശരിയായ പരിശീലനം ലഭിക്കാത്ത, അനുഭവജ്ഞാനമില്ലാത്ത ഈ താല്ക്കാലിക സൈനികര്‍ വലിയ കോട്ടങ്ങള്‍ വരുത്തും. മറ്റൊരു വലിയ അപകടം കൂടി ഇത്തരം താല്ക്കാലിക റിക്രൂട്ട്മെന്റില്‍ ഒളിഞ്ഞിരിപ്പുണ്ട്. ആയുധ പരിശീലനം ലഭിച്ച, അത്യാധുനിക യന്ത്രത്തോക്കുകളും ഗ്രനേഡുകളുമൊക്കെ ഉപയോഗിക്കാന്‍ പരിശീലനം കിട്ടിയ 25 വയസ് മാത്രം പ്രായമുള്ള ആയിരക്കണക്കിന് തൊഴില്‍ രഹിതരാണ് നാലുവര്‍ഷത്തെ സൈനിക സേവനത്തിനുശേഷം പൊതുസമൂഹത്തിലേക്ക് മടങ്ങിവരുന്നത്. അവര്‍ക്കാകട്ടെ സാമൂഹ്യ സുരക്ഷയോ, സാമ്പത്തിക ഭദ്രതയോ ഇല്ലതാനും. ഇത്തരം യുവാക്കള്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെയോ സായുധ അക്രമ സംഘങ്ങളുടെയോ കയ്യിലേക്ക് വഴുതിവീണാല്‍ രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം തകരും. ഇന്ന് ഒരു വിമുക്ത ഭടന് സാമൂഹ്യ സുരക്ഷയും സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും രാജ്യം നല്കുന്നുണ്ട്. എന്നാല്‍ ഒരു ചെറിയ കാലയളവില്‍ സൈനികസേവനം നടത്തി, തൊഴില്‍ രഹിതനായി സമൂഹത്തിലേക്കിറങ്ങുമ്പോള്‍ കേവലം 25 വയസ് മാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് മനസിലാക്കാന്‍ മനോവിജ്ഞാനീയത്തില്‍ ബിരുദം ആവശ്യമില്ല. കേവലം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചുകൊണ്ട് രാജ്യസുരക്ഷയെ തൃണവല്‍ഗണിക്കുന്ന ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് രാജ്യ താല്പര്യങ്ങള്‍ക്ക് അത്യന്തം ആപല്‍ക്കരമാണ്. തൊഴില്‍ നല്കാതെ, എന്നാല്‍ തൊഴില്‍ നല്കി എന്ന പ്രതീതി സൃഷ്ടിച്ച് രാജ്യത്തെ വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ യുവാക്കളെ വഞ്ചിക്കുവാനുള്ള സൃഗാല ബുദ്ധി രാജ്യത്തെ യുവാക്കള്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Exit mobile version