Site icon Janayugom Online

തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കും; കൂടുതല്‍ ആളുകള്‍ ദാരിദ്ര്യത്തിലേക്ക് വീഴും, ഐഎല്‍ഒ

ഈ വർഷം തൊഴിലില്ലായ്മ നിരക്ക് വൻതോതിൽ വർധിക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). ഉക്രെയ്‌നിലെ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, കർശനമായ പണനയം എന്നിവയെ തുടര്‍ന്ന് തൊഴില്‍ സാധ്യത കുറയുകയും തൊഴിലില്ലായ്മ നിരക്ക് ഉയരുകയും കൂടുതല്‍ ആളുകള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന് വേള്‍ഡ് എംപ്ലോയ്മെന്റ് ആന്റ് സോഷ്യല്‍ ഔട്ട്ലുക്ക്: ട്രന്‍ഡ്സ് 2023 എന്ന പേരില്‍ ഐഎല്‍ഒ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം തൊഴില്‍ വര്‍ധന ഒരു ശതമാനമായി പരിമിതപ്പെടും. കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതിയാണിത്. ആഗോളതലത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം 30 ലക്ഷം വര്‍ധിച്ച് 20.8 കോടിയാകും. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ നഷ്ടം 2025 ന് മുമ്പ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ഐഎൽഒ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ആഗോള തൊഴിലവസരങ്ങൾ 2.3 ശതമാനം വര്‍ധിച്ചിരുന്നു. പല തൊഴിലാളികൾക്കും താഴ്ന്ന നിലവാരത്തിലുള്ള ജോലികൾ സ്വീകരിക്കേണ്ടി വന്നേക്കും. 15–24 വയസ് പ്രായമുള്ളവര്‍ മാന്യമായ തൊഴിൽ കണ്ടെത്തുന്നതിലും നിലനിർത്തുന്നതിലും കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിലുള്ള യുവാക്കളായ തൊഴിലാളികളില്‍ മൂന്നിൽ രണ്ട് ഭാഗവും അടിസ്ഥാന വൈദഗ്ധ്യം ഇല്ലാത്തവരാണ്. ഇത് അവരുടെ തൊഴിൽ സാധ്യതകളെ പരിമിതപ്പെടുത്തുകയും അവരെ നിലവാരം കുറഞ്ഞ ജോലിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതിനാല്‍ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപം വ‍ര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

Eng­lish Sum­ma­ry: Jobs growth slow, unem­ploy­ment high, more peo­ple pushed to pover­ty: ILO

You may also like this video

Exit mobile version