Site iconSite icon Janayugom Online

വെടിമരുന്നുശാലയിലെ സ്വപ്നാടനക്കാർ

വർത്തമാനകാല ഇന്ത്യ നേരിടുന്ന അത്യന്തം സ്ഫോടനാത്മകമായ സാമൂഹ്യപ്രശ്നമാണ് തൊഴിലില്ലായ്മ. പ്രത്യേകിച്ച് അഭ്യസ്തവിദ്യരായവരുടെ തൊഴിലില്ലായ്മ ക്രമാതീതമായി വർധിക്കുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഭരണഘടനയിൽ വാഗ്ദാനം ചെയ്യുന്ന “എല്ലാ പൗരന്മാർക്കും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം” ഇനിയും ഒരു വിദൂരസ്വപ്നമായി അവശേഷിക്കുന്നു. സ്വാതന്ത്യ്രത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികാരവങ്ങൾക്കിടയിൽ ഉയരുന്ന തൊഴിൽ രഹിതരായ യുവജന ലക്ഷങ്ങളുടെ നിലവിളികൾ അന്തരീക്ഷത്തിൽ നിറയുന്നു. വർത്തമാനകാലത്തെയും ഭാവിയെയും സാരമായി ബാധിക്കുന്ന ഈ സാമൂഹ്യപ്രശ്നത്തിനു പരിഹാരം കാണാതെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടുപോകാനാവില്ല. തെരഞ്ഞെടുപ്പുകാലത്ത് വർണശബളമായ, പൊള്ളയായ വാഗ്ദാനങ്ങൾകേട്ട് ഇന്ത്യയിലെ യുവജനങ്ങൾ ക്ഷമ നശിച്ച് നിരാശയുടെ ആഴക്കയങ്ങളിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വീണ്ടും ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. രാജ്യത്തെവിടെയും ജനങ്ങൾ തൊഴിലില്ലായ്മയുടെ ദുരവസ്ഥയെക്കുറിച്ച് ചർച്ചചെയ്യുന്നു. തൊഴിലില്ലായ്മയെന്ന അഗ്നിപർവതം ഏതവസരത്തിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ് അധികാരിവർഗം. എത്രശക്തമായ ഇരുമ്പുമറ സൃഷ്ടിച്ചാലും ഈ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമെന്ന് സമകാലീന ലോകരാജ്യങ്ങളിൽ അണപൊട്ടിയൊഴുകുന്ന യുവജനസമരങ്ങൾ സൂചിപ്പിക്കുന്നു.
വികസിത മുതലാളിത്തരാജ്യങ്ങളായ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ, ഗ്രേറ്റ് ബ്രിട്ടൺ എന്നുവേണ്ട അമേരിക്കയിൽപോലും ഈ അടുത്തകാലത്ത് അരങ്ങേറിയ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള ജനകീയ സമരങ്ങൾ നയിച്ചത് യുവജനങ്ങളായിരുന്നു. മറ്റൊരുവിധത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഈജിപ്റ്റ് പോലുള്ള രാജ്യങ്ങളിലും ആഭ്യന്തരസംഘർഷങ്ങൾ നിറഞ്ഞുനിൽക്കുന്നതിന്റെ അടിസ്ഥാന കാരണം യുവജനങ്ങളുടെ തൊഴിലില്ലായ്മയാണ്.

ഇന്ത്യയിലും യുവജനങ്ങൾ അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന പാതയിലാണ്. കാമ്പസുകളിൽ പൊട്ടിപ്പുറപ്പെടുന്ന വിദ്യാർത്ഥിസമരങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ട് സംഘ്പരിവാർ പ്രവർത്തകർക്ക് ഇനി അധികകാലം നിലനില്ക്കാനാവില്ലെന്ന് ജെഎൻയുവിൽ നിരന്തരം നടക്കുന്ന വിദ്യാർത്ഥിസമരങ്ങൾ തെളിയിക്കുന്നു. കലാശാലാ പരീക്ഷകളിൽ പ്രശസ്തവിജയം കരസ്ഥമാക്കിയാലും ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ച് ഡോക്ടറേറ്റ് ബിരുദം നേടിയാലും ഇവിടെ തൊഴിൽ ലഭിക്കുക സാധ്യമല്ല. വീർപ്പുമുട്ടുന്ന ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തിയ ഒട്ടനവധി ഏജൻസികൾ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ സമൂഹത്തെ ഞെട്ടിക്കുന്നവയാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി (സിഎംഐഇ)നടത്തിയ പഠനത്തിൽ 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മൊത്തം ബിരുദധാരികളിൽ 17.8 ശതമാനം പേർ തൊഴിൽ രഹിതരാണ്. രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബിരുദധാരികളിൽ മൂന്നിലൊരു ഭാഗത്തിനുപോലും തൊഴിൽനൽകാൻ കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായി മാറി. പല സംസ്ഥാനങ്ങളിലും തൊഴിൽ നഷ്ടപ്പെട്ടവർ സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെ വന്നെത്തി. 2021‑ലെ കണക്കനുസരിച്ച് രാജ്യത്തെ ബിരുദധാരികളുടെ തൊഴിലില്ലായ്മ 19.3 ശതമാനം നിരക്കിൽ വർധിച്ചു. ബിഹാറിൽ 34.2 എന്ന നിരക്കിലുയർന്നു. ഇതുകൂടാതെ ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് ബിഹാറിൽ തിരിച്ചെത്തിയവരുടെ കണക്ക് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബിരുദധാരികളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ അനുഭവപ്പെടുന്ന ഏകസംസ്ഥാനം കർണാടക മാത്രമാണ്. അവിടെ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനത്തിനു താഴെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ: ദുരന്തം വിഴുങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍


ഐടി വ്യവസായങ്ങൾ വൻകുതിച്ചുചാട്ടം നടത്തിയ ചില സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ തൊഴിലില്ലായ്മ ഒമ്പത് ശതമാനം നിരക്കിൽ നിലനിൽക്കുന്നു. തൊഴിൽതേടി ഒരു വൻപട രാജ്യത്ത് അലയുകയാണ്. അവരിൽ മഹാഭൂരിപക്ഷവും അഭ്യസ്തവിദ്യരാണ്. ഈ വിഭാഗത്തിന്റെ പ്രായം 15 മുതൽ 64 വരെയാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ സമഗ്രമേഖലകൾ പരിശോധിച്ചാൽ മൊത്തം തൊഴിലെടുക്കുന്നവരുടെ എണ്ണം ശരാശരി 47.1 മാത്രമാണ്. ചുരുക്കത്തിൽ അധ്വാനിക്കാൻ കഴിയുന്ന മൊത്തം ജനസംഖ്യയിൽ ശരാശരി പകുതിപേർക്കും തൊഴിലവസരം ലഭിക്കുന്നില്ല. ഇതര രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ബംഗ്ലാദേശിൽ 57, നേപ്പാളില്‍ 80, യൂറോപ്യൻ രാജ്യങ്ങളിൽ 65 മുതൽ 75 വരെ ശതമാനവും അമേരിക്കയിൽ 67ശതമാനവും പേർ തൊഴിൽ മേഖലയിൽ പണിയെടുക്കുന്നു. ലോകവ്യാപകമായ കണക്കു നോക്കിയാൽ 65 ശതമാനം പേർ തൊഴിൽ രംഗത്ത് പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മയുടെ അതിരൂക്ഷമായ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഹിമാചൽപ്രദേശ് സർക്കാർ, അടുക്കളപ്പണി, തോട്ടക്കാരന്‍, പ്യൂണ്‍ തുടങ്ങി ഏതാനും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ 18,000 പേർ അപേക്ഷകരായെത്തി. ഇവരിൽ ബിരുദാനന്തരബിരുദം നേടിയവർ, എംബിബിഎസിനു പഠിക്കുന്നവർ പോലും അപേക്ഷകരായിരുന്നു. നിയമന നടപടികൾ നടത്തുന്നതിലെ ക്രമക്കേടുകളിൽ ക്ഷുഭിതരായ യുവജനങ്ങൾ റോഡുകൾ വഴിയുള്ള ഗതാഗതം തടഞ്ഞു. തുടർന്ന് അവർ റെയിൽവേ സർവീസുകളും തടഞ്ഞിട്ടു. കടുത്ത നടപടികളിലൂടെ ആ സമരത്തെ അടിച്ചമർത്തി. ഇന്ത്യയിലെ മൊത്തം തൊഴിലന്വേഷകർ 25 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരന്വേഷണം നടത്തിയ “വിക്കൻസി ആന്റ് കോ” എന്ന സ്ഥാപനം പുറത്തുവിട്ട വിവരങ്ങൾ ശ്രദ്ധേയമാണ്. ഇന്ത്യയിൽ പുതുതായി തൊഴിൽ തേടുന്ന യുവാക്കളുടെ അംഗസംഖ്യ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. 2030ലെത്തുമ്പോൾ മൊത്തം 90 ദശലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകണം. ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ ആഭ്യന്തര വെല്ലുവിളിയാണ് ഈ പ്രശ്നം.

പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിൽ മൊത്തം 40നും 45നും ഇടയ്ക്ക് ദശലക്ഷം പേർ തൊഴിൽരഹിതരാണെന്നാണ്. ഇന്ത്യയില്‍ അഭ്യസ്തവിദ്യരായവരിൽ നാലിലൊരാളിനുമാത്രമാണ് എന്തെങ്കിലും തൊഴിലവസരം ലഭിക്കുന്നത്. ചുരുക്കത്തിൽ മൊത്തം ജനസംഖ്യയിൽ 25 ശതമാനത്തിന് മാത്രമാണ് ഇവിടെ എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നത്. രാജ്യത്തെയും ജനങ്ങളെയും തീപിടിപ്പിക്കുന്ന ഈ പ്രശ്നത്തിന്റെ പരിഹാരമായി കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയുടെ ബിജെപി ആകർഷകമായ ഒരു വാഗ്ദാനം ഇന്ത്യയിലെ യുവജനങ്ങൾക്കു നൽകി. അധികാരത്തിലെത്തിയാൽ പ്രതിവർഷം രണ്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ കുത്തകകൾ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടുകെട്ടി രാജ്യത്തെ ജനങ്ങൾക്ക് ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വീതം ബാങ്കുകളിൽ നിക്ഷേപിക്കും. കള്ളപ്പണം കണ്ടുകെട്ടാൻ നോട്ടുനിരോധനം നടപ്പിലാക്കി. മോഡി സർക്കാരിന്റെ നീണ്ട ഒമ്പതുവർഷങ്ങളിലെ ഭരണം ഒരു വാഗ്ദാനവും നടപ്പിലാക്കിയില്ല. ഇന്ത്യയിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിച്ചു. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ നരേന്ദ്രമോഡി യുവജനങ്ങളെ സാന്ത്വനപ്പെടുത്താൻ ഒരു വിലകുറഞ്ഞ പദ്ധതി പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളിൽ നിലവിലുള്ള 10 ലക്ഷം ഒഴിവുകളിൽ ഉടൻ നിയമനം നടത്തും. പ്രതിവർഷം രണ്ടുകോടി പുതിയ തൊഴിലവസരം എവിടെ? ഒമ്പത് വർഷം കഴിയുമ്പോൾ പത്തുലക്ഷം സർക്കാർ ഒഴിവുകൾ നികത്തുന്ന നിയമന വാഗ്ദാനവുമായി മോഡി ഇന്ത്യൻ യുവജനത്തെ കബളിപ്പിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നിയമവിരുദ്ധമായി റദ്ദാക്കി. കശ്മീർ സംസ്ഥാനം വിഭജിച്ചു. മണിപ്പൂർ സംസ്ഥാനം കത്തിയെരിയുന്നു. അവിടെ കലാപത്തിൽ 180 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 400ല്പരം ക്രിസ്ത്യൻ ദേവാലയങ്ങൾ തീയിട്ടു നശിപ്പിച്ചു. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു. എന്നിട്ടവരെ കൂട്ടബലാത്സംഗത്തിനിരയാക്കി. ലോകത്തിന്റെ മുന്നിൽ ഇന്ത്യ തലകുനിച്ചുനിൽക്കുന്നു. ഒമ്പത് വർഷത്തെ മോഡി സർക്കാരിന്റെ നേട്ടം!. വഞ്ചിക്കപ്പെട്ട യുവജനങ്ങളുടെ രോഷാഗ്നി രാജ്യത്ത് പടരുമ്പോൾ, സാധാരണ ജനങ്ങൾ തൊഴിലിനുവേണ്ടി അലയുമ്പോൾ, മതന്യൂനപക്ഷങ്ങൾ കടുത്ത പീഡനങ്ങൾക്കിരയാകുമ്പോൾ, ആദിവാസി മനുഷ്യരെ കുരുതികഴിച്ചും, അവരുടെ ശരീരമാകെ തെമ്മാടിക്കൂട്ടം മൂത്രംകൊണ്ട് അഭിഷേകം നടത്തുമ്പോൾ നരേന്ദ്രമോഡിയും സംഘ്പരിവാർ ശക്തികളും വീണ്ടും അധികാരത്തിലെത്താൻ കുറുക്കുവഴികള്‍ തേടുകയാണ്.

Exit mobile version