7 May 2024, Tuesday

ദുരന്തം വിഴുങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍

രോഹിത് ഖന്ന
July 22, 2023 4:45 am

2020 മേയ് എട്ട്, കോവിഡ് മഹാമാരിയുടെ ഭീതിയിൽ രാജ്യം ലോക്ഡൗണിൽ അടഞ്ഞുകിടക്കുന്ന കാലം. മഹാരാഷ്ട്രയിലെ ജൽനയിൽ നിന്നും ഔറംഗബാദിലേക്ക് നീളുന്ന റെയിൽവേ ട്രാക്കിലൂടെ നിരവധി കുടിയേറ്റത്തൊഴിലാളികൾ ജന്മനാട്ടിലേക്ക് യാത്ര തുടങ്ങുന്നു. നടത്തം 40 കിലോമീറ്റർ പിന്നിട്ടു. ലക്ഷ്യം നൂറു കണക്കിന് കിലോമീറ്ററുകൾ അകലെ മധ്യപ്രദേശിലെ ഉമരിയ, ഷഹ്ദോൾ ജില്ലകള്‍. ട്രെയിനുകളൊന്നും ഓടുന്നില്ലാത്ത കാലമായതുകൊണ്ട് റെയിൽവേ ട്രാക്കിനരികെ അവർ വിശ്രമിക്കാനിരുന്നു. ഗതികെട്ട മനുഷ്യർ റെയിൽപ്പാളങ്ങൾ തലയിണയാക്കി. 16 പേരെ ചതച്ചരച്ച് ചരക്കുവണ്ടി കടന്നുപോയി. 2020 സെപ്റ്റംബറിൽ, പാർലമെന്റിലെ ഒരു ചോദ്യത്തിനുള്ള മറുപടിയിൽ, ലോക്ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളോ രേഖകളോ സൂക്ഷിച്ചിട്ടില്ലെന്നും അതിനാൽ അവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നടപടികളില്ല എന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ദീനമായ മരണങ്ങൾ യാഥാർത്ഥ്യമെന്നിരിക്കെ തൊഴിൽ മന്ത്രാലയത്തിന്റെ നിലപാട് അസംബന്ധവും ദാരുണവുമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല. 2023 ജൂലൈയിൽ ഡൽഹിയിൽ യമുനയുടെ തീരത്ത് കോളനികളിൽ താമസിച്ചിരുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഭവനരഹിതരായി. കരകവിഞ്ഞ യമുന അവരുടെ വീടുകള്‍ ഇല്ലാതാക്കി. കാലാവസ്ഥാ വ്യതിയാനത്തെ പഴിച്ച് ഭരണകൂടം കൈകഴുകി. മൺസൂൺ എക്കാലവും ഇവർക്ക് വിനാശ കാലമാണ്. 1978നു ശേഷം 2013, 19, 23 വർഷങ്ങളിൽ 207 മീറ്ററിൽ കവിഞ്ഞ് അപകടകരമായാണ് യമുന ഒഴുകിയത്. ഓരോ തവണയും ഇരകൾ കുടിയേറ്റ തൊഴിലാളികളും. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾ ഇവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.

രാജ്യത്തെ ഏറ്റവും ദുർബലരായ, പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക‑സാമ്പത്തിക വിഭാഗമായാണ് ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ ഭരണകൂടം വിലയിരുത്തുന്നത്. സ്വന്തം സംസ്ഥാനങ്ങളും ആതിഥേയ സംസ്ഥാനങ്ങളും അവരെ അവഗണിക്കുന്നു. ഭൂരിഭാഗവും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നോ പട്ടികജാതി വർഗങ്ങളിൽ നിന്നോ ഉള്ളവരാണ്. 2020ൽ ചരക്കുതീവണ്ടി കയറിയിറങ്ങി ജീവനറ്റവരിൽ എട്ട് പേർ ഗോണ്ട് ആദിവാസികളായിരുന്നു. മിക്ക കുടിയേറ്റ തൊഴിലാളികളും വോട്ട് പോലും ചെയ്യാറില്ല എന്നത് അവരെ കൂടുതൽ ഒറ്റപ്പെട്ടവരാക്കുന്നു. 2014ലെ ഒരു പഠനമനുസരിച്ച് ഇന്ത്യയിൽ 10 കോടി ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുണ്ട്. ജനസംഖ്യാ വർധനവ് പരിഗണിച്ചാൽ ഇപ്പോൾ എണ്ണം ഏകദേശം 11 കോടിയായിരിക്കണം. ദേശീയ ജിഡിപിയിൽ 10ശതമാനം ഇവരുടെ സംഭാവനയായി കണക്കാക്കുന്നു. എന്നാൽ ഇവർക്കായുള്ള ക്ഷേമപദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ, ഡൽഹിയിലാണ് കുടിയേറ്റ തൊഴിലാളികൾ ഏറെ. ഫാക്ടറി, കയറ്റിറക്ക്, റിക്ഷാ വലിക്കുന്നവർ, തെരുവ് കച്ചവടക്കാർ, മേസ്തിരിമാർ, സെക്യൂരിറ്റി ഗാർഡുകൾ, ക്ലീനർമാർ, വീട്ടുജോലിക്കാർ തുടങ്ങി പതിനായിരങ്ങൾ. കഷ്ടിച്ച് ഉപജീവനം നേടുന്നവർ. അസംഘടിത, അനൗപചാരിക മേഖലകളിൽ ജോലി ചെയ്യുന്ന ഇവർക്ക് തൊഴിൽ സുരക്ഷിതത്വമില്ല. പലപ്പോഴും മിനിമം കൂലിയിൽ കുറഞ്ഞ് തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നു. സമയബന്ധിതമല്ലാത്ത ജോലിസമയം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങള്‍, തൊഴിലുടമകൾക്ക് പുറമെ, ഇടനിലക്കാരും തൊഴിലുമായി ബന്ധപ്പെട്ട കരാറുകാര്‍ തുടങ്ങിയ ചൂഷണവും അനുഭവിക്കുന്നു. വെള്ളം വിഴുങ്ങുന്ന യമുനാതീരങ്ങൾ അവർക്ക് വാടകയ്ക്ക് നല്‍കുകയാണ്. ഇവിടെ താൽക്കാലിക കുടിലുകളിൽ വെള്ളം, വൈദ്യുതി ഒന്നുമില്ലാതെ, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ രോഗങ്ങൾ വിളിച്ചുവരുത്തുന്ന അവസ്ഥയില്‍ കഴിയുന്ന തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുമില്ല. മഴക്കാലവും കരകവിയുന്ന യമുനയും അവർക്കറിയാം, പക്ഷേ അവർക്ക് മറ്റിടമില്ല.


ഇതുകൂടി വായിക്കൂ: അവകാശങ്ങൾക്ക് പോരാടുന്ന ഗോത്ര ഇന്ത്യ


എല്ലാ വർഷവും, അവർ വെള്ളപ്പൊക്കത്തിന്റെ ദുരിതം സഹിക്കുന്നു. ഉള്ളത് കെട്ടിപ്പെറുക്കി ആഴ്ചകളോളം ദില്ലിയിലെ നടപ്പാതകളിൽ അലയുന്നു. വെള്ളമിറങ്ങുമ്പോൾ വീണ്ടും കുടില്‍ കെട്ടിയുയർത്തുന്നു. കോവിഡ് മഹാമാരി കുടിയേറ്റ തൊഴിലാളികളെ കുറിച്ചും അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ചും ചിന്തിക്കാൻ ഭരണകൂടങ്ങൾക്ക് അവസരമൊരുക്കിയിരുന്നു. പക്ഷേ നമ്മുടെരാജ്യത്ത് അത് സംഭവിച്ചില്ല. സ്ട്രാന്റഡ് വർക്കേഴ്സ് ആക്ഷൻ നെറ്റ്‌വർക്ക് (എസ്ഡബ്ല്യുഎഎൻ) കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വിശദമായി പഠനം നടത്തിയിരുന്നു. 2021 ഏപ്രിൽ, മേയ് മാസങ്ങളിലെ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കുടിയേറ്റ തൊഴിലാളികൾ അഭിമുഖീകരിച്ച ജീവിതദുരന്തങ്ങളുടെ സാക്ഷ്യപത്രങ്ങൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് ആരംഭഘട്ടത്തില്‍ 82 ശതമാനം തൊഴിലാളികൾക്കും രണ്ട് ദിവസത്തെ റേഷൻ മാത്രമേ അവശേഷിച്ചിരുന്നുള്ളുവെന്ന് റിപ്പോർട്ട് പറയുന്നു. 76 ശതമാനം പേർക്കും 200 രൂപ മാത്രമേ ശേഷിപ്പ് ഉണ്ടായിരുന്നുള്ളു. 92 ശതമാനം പേർക്ക് ജോലി നഷ്ടപ്പെട്ടു, 56 ശതമാനം തൊഴിലാളികൾ ഒരു മാസത്തിലേറെ ജോലിയില്ലാതെ വലഞ്ഞു. കുടിയേറ്റ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അറിഞ്ഞിട്ടും കേന്ദ്രം അനങ്ങിയതേയില്ല. 2023–24 കേന്ദ്ര ബജറ്റിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം പോലും വെട്ടിക്കുറച്ചു. ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും യാതൊരു കരാറുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും തൊഴിലാളി യൂണിയനുകളില്‍ പ്രവർത്തിക്കുന്നവരല്ല. ഇവര്‍ക്കായി നഗര തൊഴിലുറപ്പ് സംവിധാനവും നിശ്ചിത വേതനവും ഉറപ്പാക്കേണ്ടതുണ്ട്. ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സാമൂഹിക സുരക്ഷാ വ്യവസ്ഥകളുണ്ടാകണം. അകാരണമായി തൊഴിലാളികളെ ഒഴിവാക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുന്ന സംവിധാനവും വേണം. മഹാഭൂരിപക്ഷം കുടിയേറ്റ തൊഴിലാളികളും ദേശീയ‑തദ്ദേശീയ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറില്ല. എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇവര്‍ വോട്ടുചെയ്യാൻ എത്തുന്നതായാണ് കണക്ക്. 2012ലെ ഒരു പഠനമനുസരിച്ച് കുടിയേറ്റ വോട്ടർമാരിൽ 78ശതമാനം പേർക്കും സ്വന്തം മണ്ഡലത്തിൽ തിരിച്ചറിയൽ കാർഡുകൾ ഉണ്ട്.

കൂടുതൽ കുടിയേറ്റ തൊഴിലാളികളുള്ള യുപിയിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പ് കണക്കുകളിൽ പോലും അവരുടെ അഭാവം പ്രതിഫലിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ബിഹാറും യുപിയും ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. യഥാക്രമം 57, 59 ശതമാനം. ദേശീയ ശരാശരിയായ 67.4ശതമാനത്തിലും താഴെയാണിത്. കുടിയേറ്റ തൊഴിലാളികളില്‍ ഒരുവിഭാഗം സ്വന്തം സംസ്ഥാനത്ത് വോട്ട് നിലനിർത്താൻ താല്പര്യപ്പെടുമ്പോൾ, ‘ആതിഥേയ’ സംസ്ഥാനത്ത് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് താമസത്തിന്റെ രേഖകള്‍ നൽകാൻ കഴിയാതെ വരുന്നു. നിരവധി കുടിയേറ്റ തൊഴിലാളികൾ സ്ഥിരതാമസം ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ രാഷ്ട്രീയമായി ‘ചിത്രത്തിലില്ലാത്തവരാണ്’. വോട്ടുചെയ്യാന്‍ കഴിയാത്ത അവസ്ഥ, വിലപേശൽ ശക്തിയായി മാറുന്നതിന് തടസമാകുന്നു. ഇവരുടെ വോട്ടവകാശം ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനാകും. ഭവനരഹിതരെ, വോട്ടർ പട്ടികയിൽ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രാദേശിക ബ്ലോക്ക് ഓഫിസർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും സമാനമായ രീതിയിൽ പരിഹാരം കണ്ടെത്താം. സ്വന്തം സംസ്ഥാനത്ത് വോട്ടർ പദവി നിലനിർത്താൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക്, നിലവിലുള്ള ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റിലേക്ക് (ഇടിപിബി) പ്രവേശനം നൽകാൻ കഴിയും. 2019ൽ ഇന്ത്യയിലുടനീളമുള്ള 18 ലക്ഷം പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഇടിപിബി അവസരം നൽകിയിരുന്നു. ലോകമെമ്പാടുമുള്ള എൻആർഐകൾക്കും ‘റിമോട്ട് വോട്ടിങ്’ ഓപ്ഷൻ നൽകാനുള്ള നിർദേശമുണ്ട്. എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികൾക്ക് ഇത് നൽകാത്തത് എന്നത് ചോദ്യമായി അവശേഷിക്കുന്നു. (അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.