പ്രായോഗികമല്ലാത്ത ഉത്തരവുകൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ ചെറുകിട ബേക്കറി മേഖല കടുത്ത ആശങ്കയിൽ. വ്യവസായം പ്രതിസന്ധിയിലായാൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മാർഗം അടയുന്നതോടൊപ്പം സർക്കാരിന് നികുതിയിനത്തിൽ ലഭിക്കുന്ന വലിയ വരുമാനവും ഇല്ലാതാകും.
ബേക്കറി ഉല്പന്നങ്ങൾ ആറ് മാസം കൂടുമ്പോൾ ലാബ് ടെസ്റ്റിന് വിധേയമാക്കണമെന്നാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ പുതിയ ഉത്തരവ്. 3500 രൂപ മുതൽ 7000 രൂ പ വരെയാണ് ഒരുല്പന്നത്തിന്റെ പരിശോധനയ്ക്ക് വരുന്ന ചെലവ്. 50 മുതൽ 150 വരെ വസ്തുക്കളാണ് ചെറുകിട ബേക്കറി മേഖലയിൽ ഉത്പാദിപ്പിക്കുന്നത്. ഇവ ഓരോന്നും ആറ് മാസത്തിലൊരിക്കൽ വലിയ ഫീസടച്ച് പരിശോധനയ്ക്ക് വിധേയമാക്കണമെന്നു വന്നാൽ വ്യവസായത്തിന്റെ അടിത്തറയിളകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ഒരുല്പന്നം പായ്ക്ക് ചെയ്ത് വില്‍ക്കുന്നതിന് ആറ് മാസം കൂടുമ്പോൾ ലാബ് ടെസ്റ്റ് നിർബന്ധമാണെന്നും പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളുവെന്നുമാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിലപാട്. അതേസമയം, രാജ്യത്ത് സർക്കാർ ലാബുകളുടെ എണ്ണം പരിമിതമാണ് താനും. കൂടുതലും സ്വകാര്യ ലാബുകളാണ്. കേരളത്തിൽ സംസ്ഥാന സർക്കാറിന് കീഴില്‍ തിരുവന്തപുരത്തും കോഴിക്കോട്ടും എറണാകുളത്തുമായി മൂന്ന് ലാബുകളുണ്ട്.
കേരളത്തിൽ മാത്രം ചെറുകിട ബേക്കറികളുടെ എണ്ണം 25,000 ത്തിനു മുകളിലാണ്. ഇതിന്റെ ഇരട്ടിയിലധികം വരും സ്വന്തമായി പാചകശാല (ബോർമ്മ ) യില്ലാത്ത ബേക്കറികളുടെ എണ്ണം. ബോർമ്മകളിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ബേക്കറി സാധനങ്ങളുടെ ഉത്പാദനവും വിതരണവും കുടിൽ വ്യവസായം കൂടിയായതിനാൽ അനേകം കുടുംബങ്ങളുടെ ജീവിത മാർഗം കൂടിയാണ്.
ഒമ്പത് ശതമാനത്തിലധികം വളർച്ച കൈവരിച്ചിരിക്കുന്ന രാജ്യത്തെ ബേക്കറി വ്യവസായത്തിന്റെ വിപണിമൂല്യം അഞ്ച് വർഷത്തിനുള്ളിൽ 12 ബില്യൺ ഡോളർ കവിയുമെന്നാണ് ഡൽഹിയിലെ പ്രമുഖ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഎംആർസി 2019 ‑ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുഭാവപൂർവമായ മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്നും തുടർ നടപടി അതിന് വിപരീതമായാൽ പ്രതിസന്ധി ഗുരുതരമായിരിക്കുമെന്നും ഫെഡറേഷൻ പ്രസിഡണ്ട് പി എം ശങ്കരൻ പറഞ്ഞു.
english summary;Unenforceable Orders; The bakery sector is worried
you may also like this video;