Site iconSite icon Janayugom Online

ഉത്തര്‍പ്രദേശിലെ കോടതികള്‍

ഇന്ത്യയിലെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായ സുപ്രധാന വിധിയെക്കുറിച്ച് രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ഇതേ കോളത്തില്‍ പ്രതീക്ഷ പങ്കുവച്ചത്. ആസുരമായൊരു കാലത്ത് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് നില്കുമ്പോള്‍ അവയെ മോചിപ്പിക്കുന്നതിന് പര്യാപ്തമാകുമെന്ന് പ്രതീക്ഷിച്ച ഒരു വിധിന്യായത്തെയാണ് അന്ന് പ്രകീര്‍ത്തിച്ചത്. ജനാധിപത്യത്തിന്റെ ലോകമാതാവെന്ന് ഭരണാധികാരികള്‍തന്നെ പ്രകീര്‍ത്തിക്കുന്നുവെങ്കിലും അതിനുള്ള മുഖ്യ ചാലക ശക്തിയാകേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ സ്വതന്ത്രമായ ചട്ടക്കൂടുകള്‍ ഉപേക്ഷിച്ച് പക്ഷപാതപരമാകുന്നുവെന്ന് തിരിച്ചറിഞ്ഞ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്, അത് അവസാനിപ്പിക്കുവാന്‍ സ്വതന്ത്ര നിയമന സംവിധാനം നിര്‍ദേശിക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുവാനുപകരിക്കുന്ന സുപ്രീം കോടതി വിധിയെഴുത്ത് പ്രകീര്‍ത്തിക്കപ്പെട്ടതിന്റെ മധുരം മാറുന്നതിന് മുമ്പാണ് നീതിന്യായ സംവിധാനങ്ങളെ ഭര്‍ത്സിക്കേണ്ടി വരുന്ന രണ്ടു വിധിയെഴുത്തുകളുമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷനുകള്‍ക്ക് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ സുപ്രീം കോടതി വിധിയെ നാണം കെടുത്തുന്നവയായിരുന്നു ആ രണ്ടു വിധികളും. അവ രണ്ടും ഉണ്ടായത് ഉത്തര്‍പ്രദേശിലെ കോടതികളില്‍ നിന്നായിരുന്നു എന്നത് യാദൃച്ഛികമാകാനിടയില്ല.

ഒന്ന് ഹത്രാസിലെ ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികളെ വെറുതെ വിടുകയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്കുമാത്രം ശിക്ഷ വിധിക്കുകയും ചെയ്ത വിധി, ഉത്തര്‍പ്രദേശില്‍ ഹത്രാസിലെ എസ്‌സി/ എസ്‌ടി പ്രത്യേകകോടതിയില്‍ നിന്നാണുണ്ടായത്. ഹത്രാസിലെ ബലാത്സംഗക്കേസ് ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊന്നുവെന്ന് ആരോപിക്കപ്പെട്ടതായിരുന്നു. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ട യുവതി ആശുപത്രിയിലാണ് മരിക്കുന്നത്. പ്രസ്തുത സംഭവം പല കാരണങ്ങളാല്‍ ലോകശ്രദ്ധ നേടിയിരുന്നതാണ്. മരിച്ച യുവതിയുടെ ജഡം ബന്ധുക്കളെ അറിയിക്കാതെ ഏറ്റുവാങ്ങിയ പൊലീസ് അര്‍ധരാത്രിയില്‍ ദഹിപ്പിച്ചുകളഞ്ഞു. രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുശേഷം താക്കൂര്‍ സമുദായത്തില്‍പ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്തു. ഏകദേശം രണ്ടര വര്‍ഷമാകുമ്പോഴാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയ കടുത്ത വകുപ്പുകള്‍ തെളിയിക്കാനായില്ലെന്നു പറഞ്ഞ്, ജഡ്ജി ത്രിലോക് പാല്‍ സിങ് മൂന്നുപേരെ വെറുതെ വിടുകയും ഒരാളെ നരഹത്യകുറ്റവും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തല്‍. പശുക്കളെ കൊന്നുവെന്നാരോപിച്ച് ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന മുഹമ്മദ് അബ്ദുൽ ഖാലിക് എന്നയാളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് നീതിപീഠങ്ങള്‍ ഇത്രമേല്‍ ജീര്‍ണിക്കാമോയെന്ന് ചോദിക്കാവുന്ന മറ്റൊരു വിധി പ്രസ്താവമുണ്ടായത്.


ഇതുകൂടി വായിക്കൂ: സുപ്രീം കോടതിയുടെ രണ്ട് സുപ്രധാന വിധികൾ


ഗോഹത്യ നടത്തുന്നവരും അതിന് ഒത്താശ ചെയ്യുന്നവരും നരകത്തിൽ ചീഞ്ഞളിയുമെന്ന ജല്പനസമാനമായ പരാമര്‍ശങ്ങളും പ്രസ്തുത വിധിയിലുണ്ട്. ഇന്ത്യയിൽ ഗോഹത്യ നിരോധിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും ജഡ്ജി ഷമീം മുഹമ്മദ് നിര്‍ദേശിച്ചു. പശുക്കളെ ദേശീയ സംരക്ഷിത മൃഗമാക്കണം. ഹിന്ദു മതത്തിൽ പശുവിന് ദൈവീകതയുണ്ട്. പ്രകൃതിയുടെ ദാനശീലത്തെയാണ് പശു പ്രതിനിധീകരിക്കുന്നത്. അതിനാൽ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുമെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. ഈ രണ്ടുവിധികളും നാമെത്തിനില്ക്കുന്ന അപകടകരമായ സാഹചര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഹത്രാസിലെ യുവതി ബലാത്സംഗത്തിനിരയായോ എന്ന് തെളിയിക്കപ്പെടണമെങ്കില്‍ മരിച്ചതിനുശേഷം നടത്തേണ്ട മൃതദേഹപരിശോധനയും മറ്റുള്ള നടപടികളും പൂര്‍ത്തിയാക്കേണ്ടിയിരുന്നു. അതിന് അവസരം നല്കാതെ മൃതദേഹം ദഹിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി.

പൊലീസ് അങ്ങനെ ചെയ്തത് തെളിവുകള്‍ നശിപ്പിക്കുക എന്ന ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അറിഞ്ഞുകൊണ്ട് നടത്തിയ കുറ്റകൃത്യമാണെന്നും ഉള്‍ക്കൊള്ളുന്നതിന് പോലും കോടതി തയ്യാറായില്ല. തെളിവില്ലെന്ന നിഗമനത്തിലെത്തുവാനും അതിലൂടെ വിധിയെ സ്വാധീനിക്കാമെന്നും മനസിലാക്കി പൊലീസ് നടത്തിയ നീക്കങ്ങള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. പക്ഷേ ജഡ്ജി ത്രിലോക് പാല്‍ സിങ്ങിന് മാത്രം ബോധ്യപ്പെട്ടില്ല. ഹത്രാസില്‍ നിയമസംഹിതകളുടെയും ചട്ടങ്ങളുടെയും പതിവ് ചട്ടക്കൂട്ടില്‍ നിന്നാണ് വിധിയുണ്ടായതെങ്കില്‍ അലഹബാദിലെത്തുമ്പോള്‍ അവ പരണത്തുവച്ച് മതഗ്രന്ഥങ്ങളും പുരാണങ്ങളും ഉദ്ധരിച്ചായിരുന്നു ഏറെ വിചിത്ര നിരീക്ഷണങ്ങളടങ്ങിയ കോടതിവിധിയുണ്ടായത്. പശുപുരാണവും മനുസ്മൃതിയും നിറഞ്ഞു തുളുമ്പിയ വിധി പ്രസ്താവത്തിലൂടെ ജഡ്ജി ഷമീം മുഹമ്മദ് എന്താണ് ലക്ഷ്യം വയ്ക്കുന്നത്. വിരമിച്ച ശേഷം ലഭിക്കുന്ന ഉന്നത സ്ഥാനം തന്നെയാണെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്. എന്തുകൊണ്ടാണ് മലീമസമെന്ന് തോന്നുന്ന വിധികള്‍ കൂടുതലായും യുപിയിലെ കോടതികളില്‍ നിന്നുണ്ടാകുന്നതെന്ന സംശയത്തിനും പ്രസക്തിയുണ്ട്. അതുകൊണ്ട് നമുക്കിനി ശവം ദഹിപ്പിച്ച ചാരങ്ങളില്‍ ബലാത്സംഗത്തിന്റെ തെളിവുകള്‍ തിരയാം. വിധി പ്രസ്താവങ്ങളില്‍ നിയമസംഹിതകള്‍ക്കു പകരം മനുസ്മൃതിയുടെയും അന്ധ വിശ്വാസങ്ങളുടെയും അടിവേരുകളും ചികഞ്ഞിരിക്കാം.

Exit mobile version