Site iconSite icon Janayugom Online

‘അഴിഞ്ഞാട്ടം’ പരമ ബോറായി; ദിലീപിന്റെ ഭഭബയിലെ ഗാനത്തിനെതിരെ വിമർശനവുമായി സമൂഹ മാധ്യമം

ദിലീപ് നായകനായ ഭഭബയിലെ ഗാനത്തിനെതിരെ വിമർശനവുമായി സമൂഹ മാധ്യമം. ‘അഴിഞ്ഞാട്ടം’ എന്ന പേരിലുള്ള ലിറിക്കൽ വീഡിയോക്കെതിരെയാണ് പരിഹാസം. സിനിമയുടെ ഹൈപ്പിനും കളറിനും ഒന്നും ചേരുന്ന വിധിത്തിലുള്ള ഗാനമല്ല പുറത്ത് വിട്ടിരിക്കുന്നതെന്നാണ് വിമർശനം. സിനിമയ്ക്ക് ലഭിച്ചിട്ടുള്ള ഹൈപ്പെല്ലാം ഈ ഗാനം ഇല്ലാതെയാക്കിയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഷാൻ റഹ്മാനാണ് ഭഭബയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. ദിലീപിനൊപ്പം മോഹൻലാലും പാട്ടിൽ ചുവട് വെക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കാലത്തിറങ്ങുന്ന പാരഡി ഗാനത്തിന്റെ നിലവാരത്തിലാണ് വരികളെഴുതിയിരിക്കുന്നതെന്ന് പ്രേക്ഷകർ കമന്റ് ചെയ്യുന്നു. കഴിഞ്ഞ മാസം ഇറക്കി വിട്ടിരുന്നെങ്കിൽ പാർട്ടിക്കാർക്ക് എങ്കിലും ഉപകാരപ്പെട്ടേനെയെന്നും ചിത്രത്തിന്റെ ഹൈപ്പ് കുറയ്ക്കാനാണോ ഇങ്ങനെയൊരു ഗാനം ഇറക്കിയതെന്നും പ്രേക്ഷകർ പറയുന്നു. നേരത്തെ തന്നെ ഭഭബയിലെ ബിജിഎമ്മിനെ കുറിച്ച് ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് അണിയറപ്രവർത്തകർ ഷാൻ റഹ്മാന് പകരം ഗോപി സുന്ദറിനെ പശ്ചാത്തല സംഗീതം ഒരുക്കാൻ നിയമിച്ചത്. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭഭബ’ ഡിസംബർ 18ന് ആഗോള റിലീസായി എത്തും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്. 

Exit mobile version