രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. അടുത്തമാസം ഒന്നുമുതല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു.
ഉത്തരാഖണ്ഡ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡലവലപ്പ്മെന്റ് ബോര്‍ഡ് (യുഐഐഡിബി) യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിയമം നടപ്പിലാക്കാനാവശ്യമായ എല്ല ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് ആദ്യമായി എകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ഉത്തരാഖണ്ഡ് മാറുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ വിയോജിപ്പോടെ പാസാക്കിയ വിവാദ നിയമത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞ മാര്‍ച്ച് മാസം 13 ന് ഒപ്പ് വെച്ചിരുന്നു. ഫെബ്രുവരിയിലാണ് സംസ്ഥാന നിയമസഭ യുസിസി ബില്‍ പാസാക്കിയത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷവും മുസ്ലിം സംഘടനകളും ശക്തമായ പ്രതിരോധം തീര്‍ത്തുവെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ധാമി സര്‍ക്കാര്‍ വിവാദം നിയമം പാസാക്കിയത്. ഉത്തരാഖണ്ഡില്‍ മുസ്ലിം വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ കുടിയൊഴിപ്പിച്ചും ഇടിച്ച് നിരത്തിയും നടത്തുന്ന വേട്ട അടുത്തിടെ ശക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഏകീകൃത സിവില്‍ കോഡ് എന്ന കിരാത നിയമം സംസ്ഥാനത്ത് നടപ്പില്‍ വരുത്താന്‍ ബിജെപി സര്‍ക്കാര്‍ കച്ചമുറുക്കിയത്.