ഉയര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, വ്യാപ്തിയേറുന്ന അസമത്വം, പണപ്പെരുപ്പം, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബഹുവിധ ഗ്രാമീണ പ്രതിസന്ധികള്‍ എന്നീ പ്രശ്നങ്ങള്‍ കാണുന്നതില്‍ കേന്ദ്ര ബജറ്റ് പൂര്‍ണപരാജയമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി. സമ്പദ്ഘടന നേരിടുന്ന അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ച് എല്ലാം നല്ലതാണെന്ന തോന്നല്‍ ശക്തിപ്പെടുത്തുന്നതിനാണ് ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നത്. ആരോഗ്യ — വിദ്യാഭ്യാസ മേഖല, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷ, മറ്റ് സാമൂഹ്യ മേഖലകള്‍ എന്നിവയ്ക്കുള്ള വിഹിതം തീരെ അപര്യാപ്തവും സാധാരണ ജനവിഭാഗങ്ങള്‍ക്കുള്ള കനത്ത ആഘാതവുമാണ്. കൂടിയ ചെലവുകളുടെ ഫലമായി കര്‍ഷകര്‍ വലിയ പ്രയാസങ്ങള്‍ നേരിടുമ്പോഴും കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതത്തില്‍ 8,500 കോടിയുടെ കുറവു വരുത്തി. ഭക്ഷ്യ സബ്സിഡി 2.8 ലക്ഷം കോടിയില്‍ നിന്ന് 1.97 ലക്ഷം കോടിയായി കുറച്ചു.
സമഗ്ര ശിശുക്ഷേമ പരിപാടിക്കുള്ള വിഹിതം മുന്‍വര്‍ഷത്തേതു തന്നെ നിലനിര്‍ത്തിയെങ്കിലും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ ഇത് കുറവാണ്. തൊഴിലുറപ്പ് പദ്ധതി വിഹിതം നടപ്പുവര്‍ഷത്തെ 89,000 കോടിയില്‍ നിന്ന് 60,000 കോടി രൂപയായി കുറച്ചു. അതുപോലെ എല്ലാ സാമൂഹ്യ മേഖലാ വിഹിതത്തിലും കുറവ് വരുത്തി. ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുസംബന്ധിച്ച യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റ് ജനവിരുദ്ധവും വികസന വിരുദ്ധവുമാണെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
English Summary: Union budget complete failure: CPI
You may also like this video