Site icon Janayugom Online

ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭേദഗതി ചെയ്യാൻ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി തേടിയില്ലെന്ന് വിവരാവകാശ രേഖ

ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി തേടിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും വിവരവാകാശ രേഖ. ഗുജറാത്ത്, ഹിമാച‍ല്‍പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 15 ദിവസം കൂടി അധികം ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാനുളള അവസരമാണ് നവംബര്‍ ഏഴിന് നടത്തിയ ഭേദഗതിയിലൂടെ ലഭിച്ചത്.

1934ലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ 31-ാം വകുപ്പ് നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ 2018ല്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ രാഷ്ട്രീയ സംഭാവനകള്‍ക്ക് രഹസ്യ സ്വഭാവം നല്‍കുന്ന ഈ ബോണ്ട് പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ അടുത്തമാസം ആറിന് സുപ്രിംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് അനുവദിക്കുന്നതിലും 15 ദിവസം കൂടി ബോണ്ട് വില്‍ക്കാൻ അനുവദിക്കുന്ന ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് കണക്കിലെടുത്ത് പദ്ധതി ഭേദഗതി ചെയ്യുന്നുവെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചത്. 

ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ പത്ത് ദിവസം വീതം ആര്‍ക്കും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാമെന്നാണ് പദ്ധതിയുടെ സാധാരണ നിയമം. ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷങ്ങളില്‍ 30 ദിവസം കൂടി അധികമായി ലഭിക്കും. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷങ്ങളിലും 15 കൂടി അധികമായി ബോണ്ടുകള്‍ വില്‍ക്കാൻ അനുവദിക്കുന്നതാണ് പുതിയ ഭേദഗതി. 

ഭേദഗതി ഉത്തരവ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം ലോകേഷ് കെ ബത്ര എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ധനകാര്യമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വകുപ്പിന് വിവരാവകാശ അപേക്ഷ നല്‍കിയത്. നവംബര്‍ 18ന് ലഭിച്ച മറുപടി 32 പേജുകളുള്ളതായിരുന്നു. ഈ രേഖകളില്‍ നിന്നും ഭേദഗതിക്കായി റിസര്‍വ്വ് ബാങ്കിന്റെ ഉപദേശം തേടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാണ്. ആര്‍ബിഐ നിയമപ്രകാരം കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതിയില്‍ ഭേദഗതി വരുത്തിയപ്പോള്‍ അത് റിസര്‍വ്വ് ബാങ്കിനെ അറിയിക്കാത്തത് നിയമവിരുദ്ധമാണെന്ന് ബത്ര ചൂണ്ടിക്കാട്ടുന്നു. 

2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കുന്ന ദിവസങ്ങളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചപ്പോള്‍ സുപ്രിംകോടതി തടഞ്ഞിരുന്നു. നിലവില്‍ അനുവദനീയമായ ദിവസങ്ങളില്‍ മാത്രം ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റാല്‍ മതിയെന്നാണ് 2019 ഏപ്രില്‍ 12ലെ സുപ്രിംകോടതി വിധിയില്‍ പറഞ്ഞത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി ആകെ 45 ദിവസങ്ങള്‍ കൂടി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ അന്ന് ശ്രമിച്ചത്. 

അതേസമയം ബത്രയ്ക്ക് ലഭിച്ചിരിക്കുന്ന രേഖകള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ ഭേദഗതിയുടെ വിവരം അറിയിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതിനുള്ള അനുമതി ലഭിച്ചതിന്റെ രേഖകളൊന്നും ഇല്ല. ഇതോടെ നിയമപ്രകാരം അനുവാദമില്ലാതെയും സ്വന്തം ഇഷ്ടപ്രകാരവുമാണ് ഇലക്ട്രല്‍ ബോണ്ട് പദ്ധതി സര്‍ക്കാര്‍ ഭേദഗതി ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്.

Eng­lish Sum­mery: Union Govt Took No Approval from RBI, Only Informed ECI Before Amend­ing Elec­toral Bond Scheme: RTI
You may also like this video

Exit mobile version