Site iconSite icon Janayugom Online

കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് ലോക്കറ്റ് വിവാദം; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരനായ എ എ മുഹമ്മദ് ഹാഷിം ആണ് പട്ടിക്കാട് റെയിഞ്ച് ഓഫിസര്‍ക്ക് മുന്നിൽ ഹാജരായി മൊഴി നൽകുന്നത്. രാവിലെ പത്തരയ്ക്കാണ് ഹാജരാകാൻ നിര്‍ദേശം നൽകിയിരിക്കുന്നത്. പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്. 

തൃശ്ശൂരിലെ പൊതു ചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. മുഹമ്മദ് ഹാഷിം സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നാണ് പരാതിയിൽ പറയുന്നത്.

Exit mobile version