Site iconSite icon Janayugom Online

സാര്‍വത്രിക ആരോഗ്യ പരിപാലന സംവിധാനം നടപ്പിലാക്കണം

സാര്‍വത്രികമായ ആരോഗ്യ പരിപാലന സംവിധാനം നടപ്പിലാക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോഗ്യ സുരക്ഷ ഒരു മൗലികാവകാശമാണെന്നും രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് എല്ലാവർക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണം അനിവാര്യമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ കുറഞ്ഞ പൊതു നിക്ഷേപം മാത്രമേ ഉള്ളൂ. സാധാരണക്കാര്‍ക്ക് പോക്കറ്റിൽ നിന്ന് ഉയര്‍ന്ന ചെലവഴിക്കൽ, പ്രാദേശിക, സാമൂഹിക അസമത്വം എന്നിവയാൽ ഇന്ത്യയുടെ ആരോഗ്യ സംവിധാനം ഇപ്പോഴും പരിമിതമായി തുടരുന്നു. ആരോഗ്യത്തിനായുള്ള പൊതുചെലവ് ജിഡിപിയുടെ 2% ൽ താഴെയാണ്. മെഡിക്കൽ ചെലവുകൾ വര്‍ധിക്കുന്നതുകാരണം എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുന്നു. 

നിതി ആയോഗിന്റെ കണക്കനുസരിച്ച്, ആരോഗ്യ സംരക്ഷണത്തിനുള്ള അധിക ചെലവ് കാരണം എല്ലാ വർഷവും ഏകദേശം 10 കോടി ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴുന്നു. ആരോഗ്യ സംരക്ഷണത്തിൽ കോർപറേറ്റ് മേഖലയ്ക്ക് സർക്കാർ നൽകുന്ന പിന്തുണ ജനങ്ങളുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തണം. തുല്യത, എല്ലാ പൗരന്മാർക്കും സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നയം ആവിഷ്കരിക്കണം. ഗ്രാമീണ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും നവീകരിക്കുകയും വേണം. ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Exit mobile version