Site icon Janayugom Online

കേരള സര്‍വകലാശാല: ഗവര്‍ണറുടെ അംഗീകാരം കാത്ത് നിരവധി ഭേദഗതി നിര്‍ദേശങ്ങള്‍

കേരള സര്‍വകലാശാലയില്‍ ചാന്‍സലറായ ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തുകിടക്കുന്നത് നിരവധി ഭേദഗതി നിര്‍ദേശങ്ങള്‍. ഗവര്‍ണറുടെ സ്വന്തം നിര്‍ദേശം സ്റ്റാറ്റ്യൂട്ട് ഭേദഗതിയായി സമര്‍പ്പിച്ചതിനുപോലും ഒരു വര്‍ഷത്തോളമായി അംഗീകാരം ലഭിച്ചിട്ടില്ല. യുജിസി റെഗുലേഷന്‍സ് 2018ന് അനുസൃതമായുള്ള സ്റ്റാറ്റ്യൂട്ട് ഭേദഗതി നിര്‍ദേശവും ഒമ്പത് മാസത്തോളമായി ഗവര്‍ണറുടെ അംഗീകാരത്തിന് കാത്തുകിടക്കുകയാണ്. ഇതുള്‍പ്പെടെ കേരള സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് സമിതികള്‍ അംഗീകരിച്ച 25ഓളം സ്റ്റാറ്റ്യൂട്ട്, ഓര്‍ഡിനന്‍സ് ഭേദഗതികളാണ് ഏറെക്കാലമായിട്ടും അംഗീകാരം ലഭിക്കാത്തത്.

ഗുരുതരമായ നിയമപ്രശ്നങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും കാരണമാകുന്ന തരത്തിലാണ് ഗവര്‍ണറുടെ നടപടികള്‍. ചാന്‍സലറുടെ നടപടിക്കെതിരെ വിവിധ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ നിലവിലുള്ളത്. യുജിസി നിയന്ത്രണങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഭാവിക്കുകയും കേരള സര്‍വകലാശാലയില്‍ അത് നടപ്പിലാക്കുന്നതിന് തടസം നില്‍ക്കുകയുമാണ് ചാന്‍സലറായ ഗവര്‍ണര്‍ ചെയ്യുന്നതെന്ന് ഇടതുപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ബിരുദം നല്‍കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങുന്നതിനുള്ള സ്റ്റാറ്റ്യൂട്ട് ഭേദഗതി, ഗവര്‍ണറുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇതിന് ഒരുവര്‍ഷമായിട്ടും അംഗീകാരം നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏറെക്കാലത്തെ ആവശ്യവും ചാന്‍സലര്‍ തന്നെ നിര്‍ദേശിച്ചതുമായ ബിരുദദാന ചടങ്ങായ സ്പെഷ്യല്‍ കോണ്‍വൊക്കേഷന്‍ നടത്തുന്നതിനുള്ള സ്റ്റാറ്റ്യൂട്ട് ഭേദഗതിക്കും സമാന അനുഭവമാണുള്ളത്. 

എയ്ഡഡ് കോളജുകളിലെ വകുപ്പുകളില്‍ ഹെഡ്ഷിപ്പ് റൊട്ടേഷന്‍ സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ സ്റ്റാറ്റ്യൂട്ട് ഭേദഗതിക്ക് അംഗീകാരം നല്കാത്ത ചാന്‍സലറുടെ നടപടിക്കെതിരെ, സെനറ്റ് അംഗവും കൊല്ലം എസ്എന്‍ കോളജ് ബോട്ടണി വിഭാഗം പ്രൊഫസറുമായ ഡോ. ശേഖരന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച്, സര്‍വകലാശാല സമര്‍പ്പിച്ച സ്റ്റാറ്റ്യൂട്ട് ഭേദഗതി നിര്‍ദേശം നാല് മാസത്തിനകം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അക്കാദമിക രംഗത്ത് സര്‍വകലാശാലകളെ ശരിയായ പാതയില്‍ നയിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന ഗവര്‍ണര്‍ യഥാര്‍ത്ഥത്തില്‍ സര്‍വകലാശാലകളിലെ അക്കാദമികവും ധൈഷണികവുമായ പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ത്ഥി സൗഹൃദമായ നടപടികളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സര്‍വകലാശാലയിലെ ഇടതുപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച വിധി, ചാന്‍സലറുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Uni­ver­si­ty of Ker­ala: Sev­er­al amend­ment pro­pos­als await Gov­er­nor’s approval

You may also like this video

Exit mobile version