Site icon Janayugom Online

ചൈനയിലെ അജ്ഞാത വൈറസ് ; ആശുപത്രികളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമാകുന്ന അജ്ഞാത വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി. അതേസമയം നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ചൈനയിലെ സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പുകള്‍ അടിയന്തരമായി വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ ജീവനക്കാര്‍, ആശുപത്രി കിടക്കകള്‍, മരുന്ന്, ഓക്സിജന്‍, പിപിഇ കിറ്റുകള്‍, പരിശോധനകിറ്റുകള്‍ തുടങ്ങിയവയെല്ലാം ആശുപത്രികളിലുണ്ടെന്ന് ഉറപ്പാക്കാനാണ് നിര്‍ദേശം. കൂടാതെ ഓക്സിജന്‍ പ്ലാന്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ഉറപ്പാക്കാനും രോഗബാധയുണ്ടായാല്‍ തടയാന്‍ ആവശ്യമായ പ്രോട്ടോക്കോളുകള്‍ അവലോകനം ചെയ്യാനും ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രൊജക്റ്റ് യൂണിറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പരിഷ്കരിച്ച നിരീക്ഷണ മാനദണ്ഡങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണം. ഇന്‍ഫ്ലുവന്‍സയ്ക്ക് സമാനമായ ഐഎല്‍ഐ/എസ്എആര്‍ഐ രോഗബാധയുടെ വ്യാപനം ജില്ലാ, സംസ്ഥാനതലത്തില്‍ സൂക്ഷ്മമായി വിലയിരുത്തണം. രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനാനടപടികള്‍ വേഗത്തിലാക്കണം. ഇതിനായി സംസ്ഥാനങ്ങളിലെ വൈറസ് റിസര്‍ച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.
വൈറസ് ബാധ ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയില്ല. ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.   വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്. രോഗബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് തേടിയിരുന്നു.
Eng­lish Sum­ma­ry: Unknown virus in China
You may also like this video
Exit mobile version