Site iconSite icon Janayugom Online

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്

ശബരിമലയിലെ സ്വര്‍ണം ഉണികൃഷ്ണന്‍ പോറ്റി ജൂവലറി ബിസിനസുകാരനായ ഗോവര്‍ധന് വിറ്റത് 15 ലക്ഷം രൂപയ്ക്കെന്ന് മൊഴി. ഗോവര്‍ധനാണ് എസ്ഐടി സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.ശബരിമലയുടെ പേരില്‍ പല തവണകളായി ഉണ്ണികൃഷ്ണന്‍ പോറ്റി 70 ലക്ഷം രൂപയോളം വാങ്ങിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ മൊഴിനല്‍കിയിട്ടുണ്ട് .ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി, ഇവിടെവെച്ച് ഉരുക്കിയശേഷം ബാക്കിവന്ന 476 ഗ്രാം സ്വര്‍ണമാണ് ഗോവര്‍ധന് വിറ്റിരുന്നത്. ഇതിന് 15 ലക്ഷത്തോളം രൂപയും വാങ്ങി.2019‑ലായിരുന്നു ഈ സംഭവം. ഈ സ്വര്‍ണമാണ് നേരത്തേ അന്വേഷണസംഘം ബെല്ലാരിയില്‍നിന്ന് കണ്ടെടുത്തത്. 

ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധനില്‍നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പലപ്പോഴായി 70 ലക്ഷം രൂപയാണ് കൈപ്പറ്റിയിരുന്നത്. ശബരിമലയിലെ പൂജകളുടെയും അന്നദാനത്തിന്റെയും പേരിലാണ് പണം വാങ്ങിയിരുന്നത്.സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പലതവണകളായി 60 പവനോളം സ്വര്‍ണവും ഗോവര്‍ധനില്‍നിന്ന് കൈക്കലാക്കി.ശബരിമലയിലെ അസിസ്റ്റന്റ് ശാന്തിയാണെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനുമായി ബന്ധം സ്ഥാപിച്ചിരുന്നത്.ഗോവര്‍ധനടക്കമുള്ളവര്‍ ശബരിമല ദര്‍ശനത്തിന് എത്തുമ്പോള്‍ എല്ലാസൗകര്യവും ഏര്‍പ്പാടാക്കിനല്‍കാന്‍ പോറ്റിയുമുണ്ടായിരുന്നു.പോറ്റിയുടെ ശബരിമലയിലെ സ്വാധീനം കണ്ട് ഗോവര്‍ധനടക്കമുള്ളവര്‍ ഇയാള്‍ ശബരിമലയിലെ പ്രധാനിയാണെന്ന് വിശ്വസിച്ചു.

പത്തുവര്‍ഷത്തോളമായി പോറ്റിയുമായി ബന്ധമുണ്ടെന്നും ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.ഇതിനിടെ ശബരിമല സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ 14 വരെ റിമാന്‍ഡില്‍. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളെന്ന് എഴുതുകയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തുവിടാം എന്ന് ബോര്‍ഡിന് തെറ്റായ ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്തു.

മഹസ്സറുകളിലും വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി. മഹസ്സര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയെന്നും ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരമൊരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്ത് അറസ്റ്റിലായ സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലാണ് ഹാജരാക്കിയത്. കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയില്‍ സുധീഷിനെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു.

Exit mobile version