അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ സ്ഥാപന ഉടമ അറസ്റ്റിൽ. കോഴിക്കോട് കല്ലായി റോഡിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ മാനേജിംഗ് ഡയറക്ടർ എറണാകുളം സ്വദേശി ടി വി ശ്യാംജിത്തിനെയാണ് (35) കസബ പൊലീസ് അറസ്റ്റുചെയ്തത്. അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയ സ്ഥാപനം വിദ്യാർഥികളിൽ നിന്ന് വാങ്ങിവെച്ച ഫീസും സർട്ടിഫിക്കറ്റുകളും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും കഴിഞ്ഞ ദിവസം സ്ഥാപനം ഉപരോധിച്ചിരുന്നു. ഇതിനിടെ പൊലീസിൽ പരാതിയും നൽകി. തുടർന്നാണ് ഉടമയെ അറസ്റ്റുചെയ്തത്. കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുണ്ടെന്ന് പരസ്യം ചെയ്ത് ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയേഷൻ ടെക്നോളജി തുടങ്ങിയ കോഴ്സുകളാണ് സ്ഥാപനം നടത്തിയത്.
ഒരാളിൽ നിന്ന് 1.20 ലകക്ഷം രൂപ വരെയാണ് കോഴ്സിന് ഫീസായി ഈടാക്കിയത്. 63 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കോഴ്സ് പൂർത്തിയാക്കിയവർ വിവിധ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അപേക്ഷിച്ചതോടെയാണ് അംഗീകാരമില്ലെന്ന് വ്യക്തമായത്. ഇതോടെ ഫീസും എസ് എസ് എൽ സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും വിദ്യാർത്ഥികൾ തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ തയ്യാറായില്ല. പൊലീസ് എറണാകുളത്ത് നടത്തിയ പരിശോധനയിൽ ഏതാനും വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. ഫീസും സർട്ടിഫിക്കറ്റുകളും തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് വിദ്യാർത്ഥികൾ. കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
English Summary: Unrecognized diploma courses for charging lakhs of fees: Institute owner arrested
You may also like this video