Site iconSite icon Janayugom Online

അയവില്ലാതെ ഇന്‍ഡിഗോ പ്രതിസന്ധി

ഒരാഴ്ച പിന്നിട്ടിട്ടും അയവില്ലാതെ ഇന്‍ഡിഗോ യാത്രാപ്രതിസന്ധി. ഇന്നലെ മാത്രം 350 വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് യാത്രാദുരന്തത്തിന്റെ ഇരകളായത്. ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ വ്യോമയാനരംഗം കടന്നുപോകുന്നത്.
ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോയുടെ 134 സർവീസുകളാണ് മുടങ്ങിയത്. ബംഗളൂരു 127, ചെന്നൈ 71 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. അഹമ്മദാബാദിൽ 20 വിമാനങ്ങളാണ് നിലത്തിറക്കിയിരിക്കുന്നത്. വിശാഖപ​ട്ടണം, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലും സർവീസ് മുടങ്ങിയിട്ടുണ്ട്.
ഡിസംബർ രണ്ടിന് 150 വിമാനങ്ങളുടെ റദ്ദാക്കലോടെയാണ് വ്യോമ പ്രതിസന്ധി ആരംഭിക്കുന്നത്. രണ്ടാം ദിനം 200 വിമാന സർവീസുകളും റദ്ദാക്കപ്പെട്ടു. ഇതോടെ ഇൻഡിഗോയുടെ ഓൺ ടൈം ​റെക്കോഡ് 19.7 ശതമാനം ഇടിഞ്ഞു. വ്യാഴാഴ്ച 300ൽ അധികം വിമാനങ്ങൾ കൂടി റദ്ദാക്കപ്പെട്ടതോടെ വിഷയം ദേശീയ ശ്രദ്ധയിലെത്തുകയായിരുന്നു. അന്താരാഷ്ട്ര സർവീസുകളെയും ബാധിച്ചു. വെള്ളിയാഴ്ച പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് 1,600 വിമാനങ്ങളുടെ സർവീസ് മുടങ്ങി. ഒരു ദിവസം ഏറ്റവും കൂടുതൽ വിമാനങ്ങൾ മുടങ്ങിയ റെക്കോഡും ഡിസംബർ അഞ്ച് വെള്ളിയാഴ്ച കുറിച്ചു. ​ശനിയാഴ്ച 850 വിമാനങ്ങളും, ഞായറാഴ്ച 650 വിമാനങ്ങളും റദ്ദാക്കപ്പെട്ടു.
കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും നടപ്പിലാക്കിയ ​ഫ്ലൈറ്റ് ടൈം ലിമിറ്റേഷൻ ചട്ടം (എഫ്ഡിടിഎൽ) പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഡിസംബർ ആദ്യ ദിവസങ്ങളിലാണ് ഇൻഡിഗോ വിമാന സർവീസുകൾ താളംതെറ്റാൻ തുടങ്ങിയത്.
ഡിസംബർ 15നകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം. റദ്ദാക്കിയതിനെത്തുടര്‍ന്ന് ടിക്കറ്റ് തുക തിരികെ നല്‍കിയതിന്റെ കണക്കുകള്‍ കമ്പനി പുറത്തുവിട്ടു. നവംബര്‍ 21നും ഡിസംബര്‍ ഏഴിനും ഇടയില്‍ ആകെ 9,55,591 ടിക്കറ്റുകള്‍ റദ്ദാക്കി. ഇതിന്റെ തുകയായ 827 കോടി രൂപയാണ് തിരികെ നല്‍കിയത്. ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ 569 കോടിയുടെ ആറ് ലക്ഷത്തോളം ടിക്കറ്റുകള്‍ റദ്ദാക്കുകയും പണം തിരികെ നല്‍കുകയും ചെയ്തിരുന്നു. ഇത് കൂടാതെ യാത്രക്കാരുടെ 4,500 ഓളം ബാഗേജുകള്‍ തിരികെ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ബാഗേജുകള്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കുമെന്നാണ് ഇന്‍ഡിഗോ അറിയിക്കുന്നത്.
രാജ്യത്തെ വ്യോമയാന മേഖലയെ നിശ്ചലമാക്കിയ പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ മേധാവികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തി വിശദീകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. സിഇഒ പീറ്റർ എൽബേഴ്സിനും മറ്റും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. 

Exit mobile version