Site iconSite icon Janayugom Online

ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം; കാർസാപ്പ് പ്രവർത്തക സമിതി വിപുലീകരിച്ചു

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി സംസ്ഥാനത്ത് രൂപീകരിച്ച ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്പ്) പ്രവർത്തക സമിതി വിപുലീകരിച്ചു. മുമ്പ് നിലവിലുണ്ടായിരുന്ന 12 അംഗ പ്രവർത്തക സമിതി 15 അംഗങ്ങളാക്കിയാണ് വിപുലീകരിച്ചത്. 

ദന്തൽ വിഭാഗം, എഎംആർ (ആന്റി മൈക്രോബ്രിയൽ റസിസ്റ്റൻസ്) സർവൈലൻസിനായുള്ള ലാബ് സിസ്റ്റം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് എന്നീ വിഭാഗങ്ങളെക്കൂടിയാണ് ഉൾപ്പെടുത്തിയത്. സമിതിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കാർസാപ്പ് നോഡൽ ഓഫിസർ തിരുവനന്തപുരം മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം മേധാവിയാണ്. ജില്ലകളിൽ നടക്കുന്ന എഎംആർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ആരോഗ്യ വകുപ്പ് (മെഡിക്കൽ) അഡീഷണൽ ഡയറക്ടറായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവിയാണ് പ്രവർത്തക സമിതിയുടെ കൺവീനർ. ആന്റിബയോട്ടിക് പ്രതിരോധത്തിന് സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഈ വിപുലീകരണത്തോടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024 ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാം. (ടോൾ ഫ്രീ നമ്പർ: 18004253182).
ആന്റിബയോട്ടിക്കുകൾ തിരിച്ചറിയുന്നതിന് നീല കവറിൽ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Unsci­en­tif­ic use of antibi­otics; CARSAP Work­ing Com­mit­tee expanded

You may also like this video

Exit mobile version