Site iconSite icon Janayugom Online

പിന്നാക്ക വിഭാഗങ്ങള്‍ക്ക് അയിത്തം; ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്

ബിജെപിയില്‍ പിന്നാക്കവിഭാഗങ്ങളിലുള്ളവര്‍ക്കുള്ള അവഗണനയ്ക്ക് പുതിയ സംസ്ഥാന അധ്യക്ഷന്‍ വന്നതോടെ ആക്കം കൂടിയെന്ന് പരാതി. വളരെക്കാലമായി പാര്‍ട്ടിയോടൊപ്പം നിന്ന തങ്ങളെ അവഗണിച്ചുകൊണ്ട് സവര്‍ണ വിഭാഗക്കാരുടെയും ചില പ്രമുഖ ജാതിക്കാരുടെയും മാത്രം പാര്‍ട്ടിയായെന്നും രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായതോടെ ഇത് കൂടുതല്‍ ശക്തമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വകര്‍മ്മ സമുദായത്തെയും പട്ടികജാതി വിഭാഗത്തെയുമെല്ലാം മാറ്റിനിര്‍ത്തിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പരാതി. അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബിജെപിയില്‍ നിന്ന് നേതാക്കളുള്‍പ്പെടെ നൂറുകണക്കിന് പേരാണ് മാറിനില്‍ക്കുന്നത്. ഇതില്‍ പലരും മറ്റ് പാര്‍ട്ടികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ്.

ഏറെക്കാലമായി ബിജെപിയോടൊപ്പം നിന്നിരുന്ന വിശ്വകര്‍മ്മ വിഭാഗത്തിലെ നേതാക്കളെ പൂര്‍ണമായി അവഗണിച്ചുവെന്ന് തിരുവനന്തപുരം ജില്ലയിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മണ്ഡലം — ജില്ലാ കമ്മിറ്റികളുടെ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ഈ വിഭാഗത്തിലുള്ളവരെ വെട്ടിനിരത്തുകയാണുണ്ടായത്. 280 മണ്ഡലം പ്രസിഡന്റുമാരില്‍ 10 പേരെപ്പോലും തെരഞ്ഞെടുത്തില്ലെന്നും 30 ജില്ലാ പ്രസിഡന്റുമാരില്‍ ഒന്നുപോലും നല്‍കിയില്ലെന്നും വിശ്വകര്‍മ്മ വിഭാഗം പറയുന്നു.
ഒരു ജില്ലാ കമ്മിറ്റിയില്‍ മൂന്ന് വീതം സംസ്ഥാനത്താകെ 90 ജനറല്‍ സെക്രട്ടറിമാരും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ നിരവധി ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് നല്‍കിയത്. മറ്റ് സമുദായങ്ങളെ പൂര്‍ണമായും അവഗണിക്കുകയും ചെയ്തു. പിന്നാക്ക‑പട്ടികജാതി വിഭാഗങ്ങളെ രണ്ടാംകിടക്കാരായാണ് പാര്‍ട്ടിയുടെ പുതിയ നേതൃത്വം കാണുന്നുവെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

പരമ്പരാഗത തൊഴിലുകള്‍ ഇല്ലാതാകുന്നതിനാല്‍, ഇനി ഇവരെ ആവശ്യമില്ലെന്നതാണ് ചില നേതാക്കളുടെ പക്ഷമെന്നാണ് വിമര്‍ശനം. ആര്‍എസ്എസിന്റെ സവര്‍ണരാഷ്ട്രീയം വെളിപ്പെടുത്തിക്കൊണ്ട്, പരസ്യമായ പ്രതിഷേധത്തിലേക്ക് ഇറങ്ങാനാണ് ഇവരുടെ തീരുമാനം. സംഘടനകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഭൂരിഭാഗം പേരും ബിജെപി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. തങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന നേതൃത്വത്തിന് കടുത്ത തിരിച്ചടി നല്‍കണമെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകണമെന്നുമാണ് അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. 

Exit mobile version