Site iconSite icon Janayugom Online

ദി ഹൺഡ്രഡില്‍ ടൂർണമെന്റിൽ പാക് താരങ്ങൾക്ക് ‘അലിഖിത വിലക്ക് ’ ?

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) കീഴിലുള്ള ‘ദി ഹൺഡ്രഡ്’ ടൂർണമെന്റിൽ വൻതോതിൽ ഇന്ത്യൻ നിക്ഷേപം എത്തിയതോടെ പാകിസ്ഥാൻ താരങ്ങളുടെ പങ്കാളിത്തം പ്രതിസന്ധിയില്‍. ടൂർണമെന്റിലെ എട്ട് ടീമുകളിൽ നാലെണ്ണം ഇപ്പോൾ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലോ പങ്കാളിത്തത്തിലോ ആണ്. മുംബൈ ഇന്ത്യൻസ് (എംഐ ലണ്ടന്‍), ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ്), ഡൽഹി ക്യാപിറ്റൽസ് (സൗത്തേണ്‍ ബ്രേവ്), സൺറൈസേഴ്‌സ് ഹൈദരാബാദ് (സണ്‍റൈസേഴ്സ് ലീഡ്സ്) എന്നീ ടീമുകളുടെ ഉടമകൾക്ക് ദി ഹൺഡ്രഡിൽ ഇപ്പോൾ നിർണായക ഓഹരികളുണ്ട്. 

ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീമുകൾ പാക് താരങ്ങളെ ലേലത്തിൽ വിളിക്കില്ല എന്നത് ക്രിക്കറ്റ് ലോകത്തെ ഒരു ‘അലിഖിത നിയമം’ ആയി മാറിയിരിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ എസ്എ20 ലീഗിലും സമാനമായ സാഹചര്യം നിലവിലുണ്ട്.
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെയും ഉൾപ്പെടുത്തണമെന്നും വിവേചനം പാടില്ലെന്നുമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ ടീം തെരഞ്ഞെടുപ്പിൽ ഉടമകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. മാർച്ച് 11, 12 തീയതികളിലായി ലണ്ടനിലാണ് ലേലം നടക്കുന്നത്. ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ, ഹാരിസ് റൗഫ് തുടങ്ങി 60ലധികം പാക് താരങ്ങൾ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version